ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ചിത്രം പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ പങ്കുവെച്ചു. എന്നാല്‍, കൂടിക്കാഴ്ചയുടെ കാരണം എന്‍.സി.പി വ്യക്തമാക്കിയിട്ടില്ല.
Also Read: മിക്സച്ചർ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ച സംഭവം: താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ അച്ഛൻ
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ശരദ് പവാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പവാര്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന കൂടിക്കാഴ്ചയില്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ സാഹചര്യങ്ങള്‍ ദിനംപ്രതി മാറിമറിയുന്ന സാഹചര്യത്തില്‍ ശരദ് പവാറും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച കോണ്‍ഗ്രസ് ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ബിജെപിയുമായി ശിവസേന അടുക്കുന്നുവെന്ന തരത്തില്‍ പല പ്രതികരണങ്ങളും ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള ശരദ് പവാറിന്റെ കൂടിക്കാഴ്ച ഏറെ നിര്‍ണായകമാണ്.
Post Your Comments