ലക്‌നൗ: കുടുംബ കോടതി മുറിയില്‍ വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയെന്ന ആരോപണവുമായി യുവതി. ഉത്തര്‍പ്രദേശ് സ്വദേശിയായ ആഫ്‌റോസ് നിഷ എന്ന യുവതിയാണ് ഭര്‍ത്താവ് അബ്‌റാര്‍ അലിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുത്തലാഖ് ചൊല്ലിയ ഭര്‍ത്താവ് ഇനി മുതല്‍ നീ എന്റെ ഭാര്യയല്ലെന്ന് പറയുകയായിരുന്നുവെന്നാണ് ആഫ്‌റോസ് നിഷ പരാതിയില്‍ ആരോപിക്കുന്നത്.
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ക്കെതിരെ അബ്‌റാര്‍ അലി രംഗത്തെത്തി. വാദത്തിനായി കോടതിയിലെത്തിയിരുന്നുവെന്നും പക്ഷെ ഭാര്യയെ അവിടെ കണ്ടിരുന്നില്ലെന്നുമാണ് ഇയാള്‍ പറയുന്നത്. ഭാര്യ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇയാള്‍ വ്യക്തമാക്കി. എന്നാല്‍, ആഫ്‌റോസ് നിഷയുടെ പരാതിയില്‍ മുസ്ലിം വനിതകളുടെ വിവാഹാവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചു.
2012 ലാണ് ഇരുവരും തമ്മില്‍ വിവാഹിതരായത്. ശേഷം സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവും വീട്ടുകാരും തന്നെ പീഡിപ്പിക്കുമായിരുന്നുവെന്ന് ആഫ്‌റോസ് നിഷയുടെ പരാതിയില്‍ പറയുന്നു. 2016 ല്‍ ഭര്‍ത്താവിന്റെ വീട് വിട്ടിറങ്ങിയ ഇവര്‍ ഗാര്‍ഹിക പീഡനത്തിന് കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ എത്തിയതായിരുന്നു ഇരുവരും.
Post Your Comments