പൊണ്ണത്തടി കാരണം പുലിവാല് പിടിച്ച് കുഞ്ഞ് മൂങ്ങ. യുകെയിലാണ് സംഭവം നടന്നത്. പറക്കാന്‍ കഴിയാതെ കഷ്ടപ്പെടുകയായിരുന്നു കുഞ്ഞു മൂങ്ങ. ഇവിടുത്തെ സഫോള്‍ക്ക് മൂങ്ങ സംരക്ഷണ കേന്ദ്രത്തില്‍ പരിചരണത്തിലായിരുന്നു. അവരാണ് മൂങ്ങയ്ക്ക് പ്ലമ്പ് എന്ന പേര് നല്‍കിയതും ഒടുവില്‍ പൊണ്ണത്തടി മാറ്റി കാട്ടിലേക്ക് പറത്തി വിട്ടതും. ഈ ദൃശ്യങ്ങളിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഒരു കുഴിയില്‍ നിന്നാണ് ഇവര്‍ക്ക് കുഞ്ഞ് മൂങ്ങയെ കിട്ടിയത്. പറക്കാനാവാതെ കുഴിയില്‍ കിടന്ന മൂങ്ങയെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുവരികയായിരുന്നു. ചിറകോ മറ്റോ ഒടിഞ്ഞതുകൊണ്ടാകാം പ്ലമ്പ് പറക്കാത്തെന്നായിരുന്നു നിഗമനം. എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ ചിറകള്‍ക്കൊന്നും പരുക്കില്ലെന്ന് വ്യക്തമായി. പിന്നീടാണ് അമിതവണ്ണമാണ് മൂങ്ങയ്ക്ക് പറക്കാന്‍ പറ്റാത്തതിന്റെ യഥാര്‍ത്ഥ കാരണമെന്നു കണ്ടെത്തിയത്.
സംരക്ഷണ കേന്ദ്രത്തിലെത്തുമ്പോള്‍ 245 ഗ്രാമായിരുന്നു പ്ലമ്പിന്റെ ഭാരം. മുതിര്‍ന്ന മൂങ്ങകളുടെ ഭാരത്തിന് സമാനമായിരുന്നു ഇത്. സാധാരണ മൂങ്ങ കുഞ്ഞുങ്ങളേക്കാള്‍ മൂന്നിരട്ടി അധികമായിരുന്നു പ്ലമ്പിന്റെ ഭാരം. ഇതാണ് പറക്കാന്‍ കഴിയാതെ വന്നതിന്റെ കാരണം. ശരീരത്തില്‍ അമിതമായി കൊഴുപ്പടിഞ്ഞതാണ് മൂങ്ങയുടെയും അമിത വണ്ണത്തിനു പിന്നില്‍.
കാട്ടുപക്ഷികള്‍ ഈ അവസ്ഥയിലേക്ക് കടക്കുന്നത് അസാധാരണമാണ്. അതിനാല്‍ ഇത് എവിടെ നിന്ന് എങ്കിലും രക്ഷപ്പെട്ട് വന്ന പക്ഷിയാകാമെന്നാണ് സഫോള്‍ക്ക് അധികൃതര്‍ പറയുന്നത്. മൂന്നാഴ്ചയോളം സംരക്ഷണ കേന്ദ്രത്തിന്റെ കഠിനമായ ഭക്ഷണ നിയന്ത്രണത്തിലായിരുന്നു പ്ലമ്പ്. ഇതോടെ ശരീരഭാരം സാധാരണ നിലയിലെത്തി. ഭാരം കുറഞ്ഞതോടെ കുഞ്ഞ് പ്ലമ്പിനു പറക്കാനും സാധിച്ചു. ഇതോടെ അധികൃതര്‍ പ്ലമ്പിനെ സ്വതന്ത്രനാക്കി. കാട്ടിലേക്ക് പ്ലമ്പിനെ തുറന്നു വിടുന്ന ദൃശ്യങ്ങള്‍ സംരക്ഷണ കേന്ദ്രം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.
https://www.instagram.com/p/B78JL1tgrJr/?utm_source=ig_web_copy_link
Post Your Comments