ലൈംഗിക ജീവിതത്തിലെ അസംതൃപ്തിയെത്തുടര്‍ന്നാണ് പലരും ‘വയാഗ്ര’യില്‍ അഭയം തേടുന്നത്. എന്നാല്‍ തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഒരു ഡോക്ടറുടെ നിര്‍ദേശം നിങ്ങള്‍ തേടിയിരിക്കേണ്ടതുണ്ട്. കാരണം, ഓരോ മരുന്നും ഓരോരുത്തരുടേയും ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് അവരവരുടെ ശാരീരിക സവിശേഷതകള്‍ക്കനുസരിച്ചാണ്. ഒരുപക്ഷേ, ഏതെങ്കിലും മരുന്നുകളുടെ അശ്രദ്ധമായ ഉപയോഗം ഗുരുതരമായ പ്രശ്നങ്ങളിലേക്കായിരിക്കും നമ്മളെയെത്തിക്കുക. അത്തരത്തിലുള്ള എത്രയോ സംഭവങ്ങള്‍ നമ്മള്‍ വായിക്കുകയും അറിയുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ‘വയാഗ്ര’യ്ക്ക് സൈഡ് എഫക്ടുകളോ മറ്റ് അപകടസാധ്യതകളോ ഉള്ളതായി ആരോപണങ്ങള്‍ ഉയരാറില്ല. പക്ഷേ, ഇവിടെ ശ്രദ്ധിക്കേണ്ടത് ഗുളിക കഴിക്കുന്നയാളുടെ ശരീരപ്രകൃതവും ആരോഗ്യാവസ്ഥയും തന്നെയാണ്. ഒരു ഡോക്ടറാണ് ഗുളിക കുറിച്ചുനല്‍കുന്നതെങ്കില്‍ അദ്ദേഹം നിങ്ങളുടെ ആകെ ആരോഗ്യത്തേയും വിലയിരുത്തിയ ശേഷമായിരിക്കും ഡോസ് നിശ്ചയിക്കുന്നത്. അതില്‍ അപാകതകള്‍ സംഭവിക്കുകയുമില്ല. എന്നാല്‍ സ്വന്തം താല്‍പര്യപ്രകാരമാണ് കഴിക്കുന്നതെങ്കില്‍ എങ്ങനെയാണ് സാധാരണക്കാരനായ ഒരു വ്യക്തി അതിന്റെ അളവ് നിശ്ചയിക്കുക
ടര്‍ക്കിയില്‍ ഗവേഷകനായ ഡോ. ക്യുനെറ്റ് കെരാസ്ലാന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു പഠനം നടത്തി. ‘ഫ്രണ്ടിയേഴ്സ് ഇന്‍ ന്യൂറോളജി’ എന്ന പ്രമുഖ പ്രസിദ്ധീകരണത്തില്‍ ജോലി ചെയ്യുന്ന ഒരു സംഘം ഗവേഷകരും അദ്ദേഹത്തോടൊപ്പം ഈ പഠനത്തില്‍ സംബന്ധിച്ചു. തന്റെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ 17 പുരുഷന്മാരുടെ കേസുകള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു ഡോ. ക്യുനെറ്റ് പഠനം ആരംഭിച്ചത്.
കാഴ്ചയ്ക്ക് പല തരത്തിലുള്ള പ്രശ്നങ്ങള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ചികിത്സയ്ക്കെത്തിയതായിരുന്നു ഇവര്‍. പരിശോധനകള്‍ പുരോഗമിക്കെ, ഇവരില്‍ ‘വയാഗ്ര’യുടെ ഓവര്‍ ഡോസ് കണ്ടെത്തി. ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് വാങ്ങിയവരായിരുന്നു എല്ലാവരും. മിക്കവാറും പേരും ആദ്യമായി ഉപയോഗിച്ചവരുമായിരുന്നു.
ഇതില്‍ പിടിച്ചായിരുന്നു ഗവേഷകസംഘം തുടര്‍പഠനം നടത്തിയത്. ‘വയാഗ്ര’യുടെ അളവ് കവിഞ്ഞ ഉപയോഗം ‘കളര്‍ ബ്ലൈന്‍ഡ്നെസ്’, ‘ലൈറ്റ് സെന്‍സിറ്റിവിറ്റി’, ‘ബ്ലര്‍ഡ് വിഷന്‍’ എന്നിങ്ങനെയുള്ള കാഴ്ചാപ്രശ്നങ്ങളിലേക്ക് ഒരു വ്യക്തിയെ എത്തിച്ചേക്കാം എന്ന നിഗമനത്തില്‍ ഗവേഷകരെത്തി. ചില സന്ദര്‍ഭങ്ങളില്‍ ഇത്തരം സൈഡ് എഫക്ടുകള്‍ ഒന്നോ രണ്ടോ മൂന്നോ ദിവസം നീളുന്ന താല്‍ക്കാലികപ്രശ്നവും എന്നാല്‍ ചുരുക്കം ചിലരില്‍ ഇത് ജീവിതകാലം മുഴുവന്‍ നീളുന്ന പ്രശ്നവും ആയി മാറാമത്രേ.
മരുന്നുപയോഗിക്കുന്ന വലിയൊരു വിഭാഗം പേരുടേയും ശരീരത്തില്‍ നിന്ന് ഇതിന്റെ അവശേഷിപ്പികള്‍ പുറത്തുപോകുന്നുണ്ട്. എന്നാല്‍ ചുരുക്കം ചിലരുടെ ശരീരം ഇത് പുറന്തള്ളാതെ വരുമത്രേ. ക്രമേണ രക്തത്തില്‍ ഇവയെല്ലാം കൂടുതലായി കാണപ്പെടുന്ന സാഹചര്യമുണ്ടാകുന്നു. ഇതിനെ ഒരിക്കലും നിസാരമായി കാണരുതെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. ഏത് മരുന്നുമാകട്ടെ, സ്വതന്ത്രമായി ഉപയോഗിക്കാതെ ഡോക്ടറുടെ കൃത്യമായ നിര്‍ദേശത്തോടെ ഉപയോഗിക്കുക എന്നത് തന്നെയാണ് ഇത്തരം വെല്ലുവിളികളെല്ലാം ഏറ്റെടുക്കുന്നതിനെക്കാള്‍ ഉത്തമം
Post Your Comments