ന്യൂയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന്റെ പ്രക്ഷുബ്ധതയില്‍ വേര്‍പിരിഞ്ഞ രണ്ട് റഷ്യന്‍ സഹോദരിമാര്‍ 78 വര്‍ഷത്തിനുശേഷം വീണ്ടും ഒന്നിച്ചു. ഒരു ടെലിവിഷന്‍ ഷോയാണ് ഈ സഹോദരിമാരെ വീണ്ടും ഒരുമിപ്പിക്കാന്‍ കാരണമായത്.
റഷ്യന്‍ ആഭ്യന്തര മന്ത്രാലയമാണ് ഈ സഹോദരിമാരുടെ കൂടിക്കാഴ്ചയുടെ വീഡിയോ പുറത്തുവിട്ടത്. ഇപ്പോള്‍ 92 ഉം 94 ഉം വയസുള്ള യൂലിയയും റൊസാലിന ഖരിറ്റനോവയും പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും അവരുടെ കുടുംബാംഗങ്ങള്‍ സന്തോഷാശ്രുക്കളോടെ വീക്ഷിച്ചു.
ഞാന്‍ ഇവളെ തിരഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് റോസാലിന സഹോദരിയുടെ കൈ പിടിച്ച് പറഞ്ഞു.
കൗമാര പ്രായത്തില്‍ സഹോദരിമാര്‍ മാതാപിതാക്കളോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇപ്പോള്‍ വോള്‍ഗോഗ്രാഡ് എന്നറിയപ്പെടുന്ന നഗരം രണ്ടാം ലോക മഹായുദ്ധത്തില്‍ രക്തരൂക്ഷിതമായ സ്ഥലങ്ങളിലൊന്നായിരുന്നു. നാസികളില്‍ നിന്ന് രക്ഷപ്പെടാനായി സിവിലിയന്മാര്‍ ആ നഗരത്തില്‍ നിന്ന് പലായനം ചെയ്യേണ്ടതായി വന്നു. അങ്ങനെയാണ് 1942-ല്‍ ഈ സഹോദരിമാര്‍ക്ക് വേര്‍പിരിയേണ്ടി വന്നത്.
1928 ല്‍ ജനിച്ച ഇളയ സഹോദരി യൂലിയയെ അമ്മയോടൊപ്പം വടക്ക് 500 കിലോമീറ്റര്‍ (310 മൈല്‍) അകലെ പെന്‍സ നഗരത്തിലേക്ക് മാറ്റി. 1926 ല്‍ ജനിച്ച മൂത്ത സഹോദരി റോസലിനയെ പിതാവിന്റെ ഫാക്ടറിയിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം യുറലുകളില്‍ വടക്കുകിഴക്കായി 1,400 കിലോമീറ്റര്‍ (870 മൈല്‍) അകലെ വ്യാവസായിക നഗരമായ ചെല്യാബിന്‍സ്കിലേക്കും മാറ്റി.
ചെറുപ്പത്തിലേ വേര്‍പിരിഞ്ഞ ഈ സഹോദരിമാര്‍ 78 വര്‍ഷത്തിലേറെയായി പരസ്പരം കാണുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചതെന്ന് പോലീസ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
അമ്മയുടെ സഹോദരിയെ കണ്ടെത്താന്‍ യൂലിയയുടെ മകള്‍ പോലീസിന്റെ സഹായം അഭ്യര്‍ത്ഥിച്ചതനുസരിച്ചാണ് പോലീസും ഇവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതെന്ന് വക്താവ് പറഞ്ഞു. കൂടാതെ, കാണാതായ കുടുംബാംഗങ്ങളെ തിരയുന്ന ഒരു ടെലിവിഷന്‍ ഷോയിലൂടെ റോസാലിനയും സഹോദരിയെ കണ്ടെത്താന്‍ ശ്രമിച്ചിരുന്നു.
ആ ടെലിവിഷന്‍ ഷോയില്‍ റോസാലിന പ്രത്യക്ഷപ്പെട്ടത് റഷ്യന്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. അങ്ങനെയാണ് ഇരുവരുമായി ബന്ധപ്പെട്ടതും ഒരു പുനഃസ്സമാഗമം സംഘടിപ്പിക്കുകയും ചെയ്തത്.
നാസികള്‍ക്കെതിരായ സഖ്യകക്ഷിയുടെ വിജയത്തിന് 75 വര്‍ഷങ്ങള്‍ പിന്നിടുന്ന റഷ്യ ഈ വര്‍ഷം മെയ് 9 ന് വലിയ തോതില്‍ ആഘോഷങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സോവിയറ്റ് യൂണിയന് ഏകദേശം 27 ദശലക്ഷം ആളുകള്‍ക്ക് കനത്ത നഷ്ടം സംഭവിച്ചു.
സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തില്‍ ആറു മാസത്തിലേറെ നീണ്ട പോരാട്ടത്തില്‍ ഓരോ വര്‍ഷവും ഒരു ദശലക്ഷത്തിലധികം സൈനികരാണ് കൊല്ലപ്പെട്ടത്. 1943 ഫെബ്രുവരിയില്‍ ഹിറ്റ്‌ലറുടെ സൈന്യത്തെ പരാജയപ്പെടുത്തിയതോടെ നാസികള്‍ കീഴടങ്ങിയത് യുദ്ധത്തിലെ ഒരു വഴിത്തിരിവായി.
മൊയ്തീന്‍ പുത്തന്‍ചിറ
Post Your Comments