കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിക്കേസില്‍ മുന്‍ പൊതുമരാമത്ത് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി.കെ ഇബ്രാഹീംകുഞ്ഞ് എം.എല്‍.എയെ വിജിലന്‍സ് ഉടൻ ചോദ്യം ചെയ്യും. ഇതുസംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചെന്ന് വിജിലന്‍സ് അറിയിച്ചു.
അടുത്ത ആഴ്ചയായിരിക്കും ചോദ്യം ചെയ്യുകയെന്നാണ് സൂചന. നിയമസഭ സമ്മേളനം കഴിഞ്ഞാലുടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇബ്രാഹീം കുഞ്ഞിന് നോട്ടീസ് നല്‍കും.
പാലാരിവട്ടം മേല്‍പാലം നിര്‍മാണ ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് മുന്‍കൂര്‍ പണം നല്‍കാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹീംകുഞ്ഞിന്റേതായിരുന്നെന്ന് കേസിലെ പ്രതി മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ് ഹൈകോടതിയില്‍ വ്യക്തമാക്കിയിരുന്നു. 2019 ആഗസ്റ്റിലാണ് നേരത്തെ ഇബ്രാഹീംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നത്.
ഇബ്രാഹിംകുഞ്ഞിനെ കൂടാതെ മുന്‍ റോഡ്സ് ആന്‍ഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പര്‍ഷേന്‍ എംഡി മുഹമ്മദ് ഹനീഷ് ഐഎഎസിനേയും വിജിലന്‍സ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്‌തേക്കും . റോഡ്‍സ് ആന്‍ഡ് ബ്രിഡ്‍ജസ് കോര്‍പറേഷന്‍ എംഡി എന്ന നിലയില്‍ ഹനീഷിന് പാലം നിര്‍മ്മാണത്തില്‍ മേല്‍നോട്ട കുറവുണ്ടായി എന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമിക നിഗമനം . എന്നാല്‍ ഹനീഷിനെതിരെ നിര്‍ണായകമായ ചില തെളിവുകളും രേഖകളും ഇപ്പോള്‍ വിജിലന്‍സിന് ലഭിച്ചുവെന്നാണ് വിവരം.
കേസില്‍ നേരത്തെ അറസ്റ്റിലായ റോഡ്സ് ആന്‍ഡ് ബ്രിഡ്‍ജസ് ഡെവലപ്‍മെന്‍റ് കോര്‍പ്പര്‍ഷേന്‍ അസി.ജനറല്‍ മാനേജര്‍ എംഡി തങ്കച്ചനെ സ്ഥാപനത്തില്‍ നിയമിക്കാന്‍ ഇബ്രാഹിംകുഞ്ഞ് ഇടപെട്ടതായും വിജിലന്‍സിന് ബോധ്യപ്പെട്ടിട്ടുണ്ട്.
Post Your Comments