ഇരിട്ടി: വഴിയോര കടല വില്‍പ്പനക്കാരനെ ഭാഗ്യദേവത അനുഗ്രഹിച്ചത് തികച്ചും അപ്രതീക്ഷിതമായി. കണ്ണൂർ ഇരിട്ടിയിൽ കടല വിൽക്കുന്ന ഷമീര്‍ ഇനി ലക്ഷപ്രഭു. സംസ്ഥാന നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 60 ലക്ഷം രൂപയാണ് ഇരിട്ടി ടൗണില്‍ നിലക്കടല വറുത്ത് വിറ്റ് ഉപജീവനം നയിക്കുന്ന കൂരന്മുക്ക് എളമ്ബയിലെ പി.വി.ഷമീറിനെ തേടിയെത്തിയത്. ഇനി ഷമീറിനും ഭാര്യയ്ക്കും മൂന്ന് മക്കളും അടങ്ങുന്ന കുടുംബത്തിന് കടങ്ങള്‍ ഇല്ലാതെ സുഖമായി ജീവിക്കാം.
”വീടുനിര്‍മ്മാണത്തിനായി എടുത്ത 15 ലക്ഷംരൂപയുടെ ലോണ്‍ അടച്ചുതീര്‍ക്കണം. മൂന്ന് മക്കളുടെ വിദ്യാഭ്യാസവും നന്നായി നടത്തണം. ആഗ്രഹം ഇത്രമാത്രം” -സന്തോഷത്തോടെ ഷമീര്‍ പറഞ്ഞു. രണ്ടരമാസം മുമ്ബ് ലോണെടുത്ത് വീടുപണി പൂര്‍ത്തിയാക്കിയ ഷമീറിന് കടത്തില്‍നിന്നു കരകയറാന്‍ പാടുപെടുകയായിരുന്നു. ഇതിനിടെയാണ് ഭാഗ്യദേവത അറിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നത്. കുഞ്ഞുനാളില്‍ തുടങ്ങിയതാണ് ഷമീറിന്റെ കടലവില്‍പ്പന. 22 വര്‍ഷമായി തുടരുന്നു.
ഷമീറിന്റെ കടല ഉന്തുവണ്ടിക്ക് സമീപത്തെ ഹരിതപച്ചക്കറി സ്റ്റാളിലെ വിശ്വനില്‍നിന്നാണ് ഷമീര്‍ സമ്മാനാര്‍ഹമായ ലോട്ടറി വാങ്ങിയത്. 12 വര്‍ഷമായി ലോട്ടറിയെടുക്കുന്ന ഷമീര്‍ ഫോണ്‍വിളിച്ചു പറഞ്ഞപ്പോള്‍ ഏജന്റായ വിശ്വന്‍ മൂന്ന് ടിക്കറ്റ് മാറ്റിവെക്കുകയായിരുന്നു. വിശ്വന്‍ തന്നെയാണ് ടിക്കറ്റ് കൈയില്‍ സൂക്ഷിച്ചതും. ഫലപ്രഖ്യാപനം വന്നപ്പോള്‍ വിശ്വന്‍ തന്നെയാണ് ഷമീറിനെ ”നിനക്കായി മാറ്റിവെച്ച ടിക്കറ്റിനാണ് ഒന്നാംസമ്മാനം” എന്നറിയിക്കുന്നത്.
പൊന്‍തിളക്കമുള്ള വിശ്വന്റെ സത്യസന്ധതയും വിശ്വനില്‍നിന്നുതന്നെ എന്നും ടിക്കറ്റെടുക്കണമെന്ന ഷമീറിന്റെ മനസ്സും ഒന്നിച്ചപ്പോള്‍ ഭാഗ്യദേവത ഇവര്‍ക്കൊപ്പം നിന്നു. ഇരിട്ടിയിലെ പയ്യന്‍ ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഷമീറിന്റെ ഭാര്യ ഷരീഫ. വിദ്യാര്‍ത്ഥികളായ ഷാമില്‍, ഇര്‍ഫാന്‍, ഫര്‍ഹാദ് എന്നിവര്‍ മക്കളാണ്.
Post Your Comments