തിരുവനന്തപുരം•രാജ്യം കടുത്ത സാമ്പത്തികമാന്ദ്യം നേരിടുമ്പോൾ ബദൽനയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങൾക്ക് കൂടുതൽ ആശ്വാസം നൽകാനും കഴിയുന്നതാണ് 2020-21 വർഷത്തെ കേരള ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മൂന്നരവർഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ ഉറപ്പിച്ച് കാർഷിക- വ്യവസായ -ആരോഗ്യ മേഖലകളിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ ലക്ഷ്യമിടുന്നതാണ് ബജറ്റ് നിർദേശങ്ങൾ. സാമൂഹ്യ മേഖലകളിലെ വികസനം സർക്കാർ മുന്നോട്ടു കൊണ്ടു പോവുകയാണ്. വനിത-ശിശു-ഭിന്നശേഷി വിഭാഗങ്ങളുടെ ക്ഷേമത്തിനുള്ള വർധിച്ച വകയിരുത്തലുകളും വയോജന ക്ഷേമത്തിനുള്ള നിർദേശങ്ങളും അതാണ് സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഗ്രസിച്ച സാമ്പത്തികമാന്ദ്യവും കേരളത്തോട് കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന പ്രതികൂല നിലപാടും കണക്കിലെടുക്കുമ്പോഴാണ് സംസ്ഥാന ബജറ്റ് മുന്നോട്ടു വയ്ക്കുന്ന ധീരമായ ബദൽ സമീപനവും ജനപക്ഷ നയവും കൂടുതൽ തെളിയുക. തുടർച്ചയായി രണ്ടു പ്രളയം നേരിട്ട സംസ്ഥാനമായിട്ടും കേരളത്തിന്റെ വായ്പാ പരിധി കേന്ദ്രം ഗണ്യമായി വെട്ടിക്കുറച്ചു. നികുതി വിഹിതവും കുറച്ചു. കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ധനസഹായം ഭീമമായ കുടിശ്ശികയായി നിൽക്കുന്നു. സാമ്പത്തിക മാന്ദ്യം കാരണം സംസ്ഥാനത്തിന്റെ നികുതി വരുമാനവും ഇടിഞ്ഞു. ഇത്രയും പ്രതികൂല സാഹചര്യത്തിൽ നിന്നു കൊണ്ടാണ് വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോകുന്നത്.
തീരദേശ പാക്കേജും കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകളും സാമൂഹിക അസമത്വവും വികസനത്തിലെ അസന്തുലിതാ വസ്ഥയും കുറയ്ക്കാനും കാർഷിക – മത്സ്യബന്ധന മേഖലകളിൽ വലിയ ഉണർവുണ്ടാക്കാനും സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
കാർഷിക മേഖലയ്ക്ക് മുമ്പൊരു കാലത്തുമില്ലാത്ത പരിഗണനയാണ് സർക്കാർ നൽകുന്നത്. കൃഷി ആദായകരമാക്കാനും യുവാക്കളെയടക്കം കൃഷിയിലേക്ക് ആകർഷിക്കാനും കഴിയുന്ന നിർദേശങ്ങളാണ് ബജറ്റിലുള്ളത്. അതോടൊപ്പം പരമ്പരാഗത വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനും ബജറ്റ് ഊന്നൽ നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ പ്രവാസികളെ കയ്യൊഴിയുമ്പോൾ, കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് താങ്ങായി നിൽക്കുന്ന പ്രവാസികളുടെ ക്ഷേമത്തിന് കൂടുതൽ പരിഗണനയാണ് സർക്കാർ നൽകുന്നത്. പ്രവാസി ക്ഷേമത്തിനും തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിനും മുൻഗണന നൽകാൻ ബജറ്റ് ശ്രമിച്ചിട്ടുണ്ട്. പ്രവാസികൾക്കുള്ള വിഹിതവും ഗണ്യമായി വർധിപ്പിച്ചു.
സ്ത്രീസമൂഹത്തോടുള്ള സർക്കാരിന്റെ പ്രതിബദ്ധതയും കരുതലും ഈ ബജറ്റിലും നല്ല നിലയിൽ പ്രതിഫലിക്കുന്നുണ്ട്. പദ്ധതി അടങ്കലിന്റെ 18.4 ശതമാനമാണ് സ്ത്രീ ക്ഷേമത്തിന് നീക്കി വെച്ചത്. കഴിഞ്ഞവർഷം അതു 11.5 ശതമാനമായിരുന്നു. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകളുടെ ഉപജീവന പദ്ധതികൾക്കും സർക്കാർ നൽകുന്ന പ്രാധാന്യമാണ് കുടുംബശ്രീക്ക് ഉയർന്ന വിഹിതം വകയിരുത്തിയതിൽ നിന്ന് വ്യക്തമാകുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങൾ വരുത്താൻ സർക്കാർ ഉദ്ദേശിക്കുകയാണ്. അതിന്റെ ഭാഗമായുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്. ഈ രീതിയിൽ എല്ലാരംഗത്തും സർക്കാരിന്റെ ബദൽ നയങ്ങളും ജനപക്ഷസമീപനവും ബജറ്റിൽ നിന്ന് വ്യക്തമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments