ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ വോട്ടെടുപ്പ് അവസാനിച്ച വേളയില്‍ പ്രമുഖ മാദ്ധ്യമങ്ങളുടേതായി പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടും എന്ന് പ്രവചിച്ചതിന് പിന്നാലെ ബി.ജെ.പി അടിയന്തര യോഗം വിളിച്ചു. അതേസമയം ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായി അരവിന്ദ് കെജ്രിവാള് പ്രവര്‍ത്തകരോട് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്ക് കാവല്‍ നില്ക്കാന് നിര്‍ദ്ദേശം നല്കി. ഫലം പുറത്ത് വരുമ്പോള്‍ വോട്ടിങ് യന്ത്രങ്ങളെ കുറ്റം പറയരുതെന്ന് ബിജെപി പരിഹസിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ആം ആദ്മി വോട്ടിങ് യന്ത്രങ്ങള്‍ക്ക് കാവലിരിക്കാന്‍ തീരുമാനിച്ചത്.തിരഞ്ഞെടുപ്പില്‍ ആം ആദ്മിയുടെ പ്രധാന എതിരാളിയായ ബി.ജെ.പിക്ക് 9 മുതല്‍ 26 സീറ്റുകള്‍ വരെ മാത്രം ലഭിക്കാനാണ് സാദ്ധ്യതയെന്നാണ് പ്രമുഖ ചാനലുകള്‍ പ്രവചിക്കുന്നത്. ഇന്ന് വൈകിട്ടോടെ അവസാനിച്ച വോട്ടെടുപ്പില്‍ ആകെ 56.93 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.ഇന്ത്യ ടി.വിയുടെയും, ടൈംസ് ഒഫ് ഇന്ത്യയുടെയും എക്സിറ്റ് പോളുകളാണ് ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ സാദ്ധ്യതയുള്ളതായി പ്രവചിക്കുന്നത്. ഇരു മാദ്ധ്യമങ്ങളും നല്കുന്ന കണക്കനുസരിച്ച് 26 സീറ്റുകളാണ് ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടുക.
അതേസമയം ആം ആദ്മി പാര്‍ട്ടി 44 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും ഇരുവരും പറയുന്നുണ്ട്. എന്നാല്‍ ടി.വി 9 ഭാരത് യഥാക്രമം 54 സീറ്റുകള്‍ ആപും, 15 സീറ്റുകള്‍ ബി.ജെ.പിയും നേടുമെന്നാണ് പറയുന്നത്.അതേസമയം, ന്യൂസ് എക്സും റിപ്പബ്ലിക് ടി.വിയും ബി.ജെ.പിയുടെ സീറ്റുകളില്‍ കുറവുണ്ടാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 10 മുതല്‍ 14 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്ന് ന്യൂസ് എക്സിന്റെ എക്സിറ്റ് പോള്‍ പറയുന്നു. റിപ്പബ്ലിക് ടി.വിയുടെ എക്സിറ്റ് പോള്‍ പ്രവചനം ബി.ജെ.പി 9 മുതല്‍ 21 സീറ്റുകള്‍ നേടുമെന്നാണ്. അതേസമയം ആം ആദ്മി 50 മുതല്‍ 56 സീറ്റുകള്‍ നേടുമെന്ന് ന്യൂസ് എക്സും 48 മുതല്‍ 61 വരെ സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്കും പറയുന്നുണ്ട്.
അതേസമയം ഇത്തവണ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തില്‍ വലിയ കുറവാണുണ്ടായത്. 55 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വെച്ച് ഏറ്റവും കുറവ് പോളിങ് ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 67.12 ശതമാനം വോട്ടാണ് ഡല്‍ഹിയില്‍ പോള്‍ ചെയ്തത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്, 62.75 ശതമാനം. ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ന്യൂഡല്‍ഹിയിലും.
Post Your Comments