മുംബൈയില്‍, ‘ഞാനൊരു കമ്മ്യൂണിസ്റ്റ് ആണ്, ‘രാജ്യം കത്തണം” എന്ന് ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ യാത്രക്കാരനെ ഊബര്‍ ഡ്രൈവര്‍ പോലീസില്‍ ഏല്‍പ്പിച്ചു. കൂടാതെ ഇയാളുടെ മുഴുവൻ ഫോൺ സംഭാഷണവും ഡ്രൈവർ റെക്കോർഡ് ചെയ്യുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.ബപ്പാദിത്യ സര്‍ക്കാര്‍ എന്ന കവിയെയാണ് മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തത്.ബപ്പാദിത്യ ബുധനാഴ്ച രാത്രി പത്തരയോടെ ജൂഹുവില്‍ നിന്ന് കുര്‍ലയിലേക്ക് ടാക്‌സിയില്‍ കയറി.
ഫോണ്‍ സംഭാഷണത്തില്‍ ഷഹീന്‍ബാഗ് പ്രതിഷേധങ്ങളെ കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കെയാണ് ഈ പരാമര്‍ശം നടത്തിയത്. ഇത് കേട്ട ഡ്രൈവര്‍ എ.ടി.എമ്മില്‍ പോകാനാണെന്ന് പറഞ്ഞ് വണ്ടി നിര്‍ത്തുകയും പോലീസിനെ കൂട്ടിക്കൊണ്ട് വരികയുമായിരുന്നു.രണ്ട് പോലീസുകാര്‍ക്കൊപ്പം മടങ്ങിയെത്തിയ ഡ്രൈവര്‍ ബപ്പാദിത്യയെ അറസ്റ്റ് ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടു. ബപ്പാദിത്യയുടെ സംഭാഷണം ഫോണില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും ഉബര്‍ ഡ്രൈവര്‍ അവകാശപ്പെട്ടു.
ജയ്പൂരിലെ പ്രതിഷേധം എങ്ങനെ കൂടുതൽ ഫലപ്രദമാക്കാം എന്നതിനെക്കുറിച്ചും ബപ്പാദിത്യ സുഹൃത്തിനോട് സംസാരിച്ചു. ബപ്പാദിത്യയുടെ പ്രത്യയ ശാസ്ത്രത്തെക്കുറിച്ചും അദ്ദേഹം വായിച്ച പുസ്തകങ്ങളെക്കുറിച്ചും സർക്കാർ യാതൊരു ജോലിയുമില്ലാതെ എങ്ങനെ കഴിയുന്നു എന്നതിനെക്കുറിച്ചും രണ്ട് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു.
എന്നാൽ പോലീസ് അദ്ദേഹത്തിന്റെ മൊഴി എടുത്തെങ്കിലും അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ല. സുഹൃത്ത് മറ്റൊരു പ്രവർത്തകനായ എസ്. ഗോഹിൽ സ്റ്റേഷനിൽ എത്തിയതിനെ തുടർന്ന് ബപ്പാദിത്യയെ പുലർച്ചെ ഒരു മണിയോടെ വിട്ടയച്ചു. അതേസമയം സംഭവത്തിനെതിരെ ലിബറൽ എഴുത്തുകാർ രംഗത്തെത്തി. കവിത കൃഷ്ണന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Post Your Comments