KeralaLatest NewsNews

സംസ്ഥാന ബജറ്റ് 2020;പ്രവാസി ക്ഷേമത്തിന് 90 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രവാസി ക്ഷേമ പദ്ധതികള്‍ക്കായി 90 കോടി വകയിരുത്തി. 24 മണിക്കൂര്‍ ഹെല്‍പ്പ് ലൈനും ബോധവല്‍കരണത്തിനും പ്രവാസി ലീഗല്‍ എയ്ഡ് സെല്ലിനും വേണ്ടി മൂന്നു കോടി അനുവദിച്ചു.പ്രവാസിവകുപ്പിനുള്ള വകയിരുത്തല്‍ 2019-20ല്‍ 30 കോടിയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മടങ്ങി വരുന്ന മലയാളികള്‍ക്കായി സാന്ത്വനം പദ്ധതി നടപ്പാക്കും. സാന്ത്വനം പദ്ധതിക്കായി 27 കോടി രൂപ. സഹായം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒരുലക്ഷത്തില്‍നിന്ന് ഒന്നരലക്ഷമാക്കി ഉയര്‍ത്തി.

പ്രവാസി സംഘടനകള്‍ക്ക് ധനസഹായം നല്‍കാന്‍ രണ്ട് കോടി. എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍പോര്‍ട്ട് കെയര്‍ ഇവാക്കേഷനും വേണ്ടി ഒന്നരകോടി. ഇന്റര്‍നെറ്റ് റേഡിയോ, മലയാളം പഠന മിഷന്‍ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രന്ഥശാലകള്‍, ഇന്റര്‍നെറ്റ് റേഡിയോ, മലയാളം പഠിക്കാന്‍ ഓണ്‍ ലൈന്‍ കോഴ്‌സ് എന്നിവക്ക് മൂന്നു കോടി. പ്രവാസി ക്ഷേമനിധിക്ക് ഒമ്പതുകോടിയും വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളി കുടുംബങ്ങളിലെ വയോജനങ്ങള്‍ക്കു വേണ്ടി സാധാരണനിലയില്‍ വിദേശത്ത് ലഭ്യമാകുന്ന സൗകര്യങ്ങള്‍ ഉറപ്പു വരുത്തിക്കൊണ്ട് കെയര്‍ ഹോം അഥവാ ഗാര്‍ഡന്‍ ഓഫ് ലൈഫ് പദ്ധതി നടപ്പാക്കും.

ലോക കേരളാ സഭക്കും ലോക സാംസ്‌കാരിക മേളക്കും കൂടി 12 കോടി. പ്രവാസികളുടെ സമ്പാദ്യ സമാഹരണവും ക്ഷേമവും മുന്‍നിര്‍ത്തിയുള്ള പ്രവാസി ചിട്ടിയും പ്രവാസി ഡിവിഡന്റും 2020-21 വര്‍ഷത്തില്‍ പ്രവര്‍ത്തന പഥത്തില്‍ എത്തും. പ്രവാസി ഡിവിഡന്റ് പദ്ധതിയില്‍ പ്രവാസി നിക്ഷേപത്തിന് 10 ശതമാനം പ്രതിമാസ ഡിവിഡന്റ് സര്‍ക്കാര്‍ സബ്‌സിഡിയോടെ ഉറപ്പാക്കും.വിദേശജോലിക്കായി വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ജോബ് പോര്‍ട്ടല്‍ സമഗ്രമാക്കാന്‍ ഒരുകോടി രൂപ. വൈവിധ്യ പോഷണത്തിന് രണ്ടുകോടി രൂപ.

പ്രവാസി ചിട്ടിയുടെ ആനുകൂല്യങ്ങള്‍ക്ക് ഒപ്പം പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സിന്റെയും പെന്‍ഷന്റെയും ആനുകൂല്യങ്ങള്‍ ഉറപ്പാക്കും. വിദേശ മലയാളികള്‍ക്ക് കേരളത്തിലെ പ്രൊജക്ടുകള്‍ സ്‌പോണ്‍സര്‍ ചെയ്യാം. കേരളത്തിലെ ചാരിറ്റികള്‍ക്ക് പ്രോത്സാഹന തുക പ്രവാസി സംഘടനകള്‍ക്ക് ലഭ്യമാക്കും.

നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന് രണ്ടുകോടി, നഴ്സുമാര്‍ക്ക് 2020-21ല്‍ വിദേശജോലി ലഭ്യമാക്കാന്‍ ക്രാഷ് ഫിനിഷിങ് നല്‍കും. ഇതിന് അഞ്ചുകോടി രൂപ വകയിരുത്തും. വിവിധ വിദേശഭാഷകളില്‍ പരിശീലനം, ഓരോ രാജ്യവും നിഷ്‌കര്‍ഷിക്കുന്ന ഭാഷാ പ്രാവീണ്യം, സാങ്കേതിക പരിശീലനം, ഐ.ടി. സ്‌കില്‍, സോഫ്റ്റ് സ്‌കില്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ക്രാഷ് ഫിനിഷിങ് സ്‌കൂള്‍. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ്പ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button