പാലക്കാട്: പഠിച്ച് പരീക്ഷ പാസായാലെ ഇനി തട്ടുകട നടത്താൻ കഴിയു. ഇല്ലെങ്കിൽ ഉള്ള കടയുടെ ലൈസൻസ് പോലും അടുത്തവർഷം മുതൽ റദ്ദാക്കും. തട്ടുകട മാത്രമല്ല, റസ്റ്ററന്റ്, ബേക്കറി, കേറ്ററിങ് സ്ഥാപനങ്ങൾ, ശീതളപാനീയവും കുപ്പിവെള്ളവും ഉൾപ്പെടെ നിർമിക്കുന്ന ഭക്ഷ്യോൽപാദന യൂണിറ്റുകൾ എന്നിവിടങ്ങളിലെല്ലാം ഉടമകളോ ജീവനക്കാരിൽ ഒരാളോ പരീക്ഷ പാസാകണം. എല്ലാ ജില്ലകളിലും പരീക്ഷ തുടങ്ങിക്കഴിഞ്ഞു. പുതിയ അപേക്ഷകർക്ക് ഇതനുസരിച്ചാണു ലൈസൻസ് നൽകുന്നത്.
സ്ഥാപനത്തിൽ 25 ജീവനക്കാരെങ്കിൽ 2 പേരും അതിലേറെയെങ്കിൽ 3 പേരും പരീക്ഷ പാസാകണം. റസ്റ്ററന്റ് എങ്കിൽ പാചകക്കാർ തന്നെ വേണം. വൻകിട സ്ഥാപനങ്ങളിൽ നിന്നു പാചകക്കാർക്കു പുറമേ സൂപ്പർവൈസറും പങ്കെടുക്കണം. ഇവർ മറ്റുള്ളവർക്കു പരിശീലനം നൽകണം. കേന്ദ്ര സർക്കാരിനു കീഴിലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയാണു (എഫ്എസ്എസ്എഐ) പരീക്ഷ നടത്തുന്നത്. എഴുതാൻ അറിയില്ലെങ്കിൽ ഉത്തരം പറഞ്ഞു കേൾപ്പിക്കാം.
പരീക്ഷയ്ക്കു മുന്നോടിയായി എഫ്എസ്എസ്എഐ സംസ്ഥാന ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുമായി ചേർന്ന് ഒരു ദിവസത്തെ ഫുഡ് സേഫ്റ്റി ട്രെയിനിങ് ആൻഡ് സർട്ടിഫിക്കേഷൻ (ഫോസ്ടാക്) പരിശീലനം നൽകും. ബേസിക്, അഡ്വാൻസ്ഡ് എന്നിങ്ങനെ 2 തരം പരീക്ഷയുണ്ട്. തട്ടുകടക്കാർക്കും ചെറുകിട ശീതളപാനീയ കച്ചവടക്കാർക്കും ബേസിക് പരീക്ഷ മതി. ഭക്ഷണം വിതരണം ചെയ്യുന്ന ആരാധനാലയങ്ങൾക്കും വ്യവസ്ഥകൾ ബാധകം.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടാകും ചോദ്യങ്ങൾ. ചില സാംപിളുകൾ ഇങ്ങനെ, എണ്ണ എത്ര മണിക്കൂർ പാചകം കഴിഞ്ഞാൽ മാറ്റണം ? നിറത്തിനും രുചിക്കും രാസവസ്തുക്കൾ ചേർത്താലുള്ള ശിക്ഷ ? പാൽ കവറോടെ ചായപ്പാത്രത്തിനു മുകളിൽവച്ചു ചൂടാക്കുന്നതു കുറ്റമാണോ ? പാചകം ചെയ്തതും ചെയ്യാത്തതുമായ വെജ്, നോൺ വെജ് ഭക്ഷണസാധനങ്ങൾ എങ്ങനെ സൂക്ഷിക്കണം ?
Post Your Comments