ന്യൂഡല്‍ഹി: ഇമ്രാൻ ഖാൻ കൈവിട്ട പാക് വിദ്യാര്‍ഥികൾക്ക് തുണയായി ഇന്ത്യ. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ കുടുങ്ങിയ പാക്കിസ്ഥാന് വിദ്യാര്‍ഥികളെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിക്കുന്നതിന് സഹായിക്കാന്‍ തയാറെന്ന് ഇന്ത്യ വ്യക്തമാക്കി. പാക്കിസ്ഥാന് സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
നൂറുകണക്കിന് പാക്കിസ്ഥാന് പൗരന്മാരാണ് വുഹാനില്‍ കുടുങ്ങിക്കിടക്കുന്നത്. ചൈനയിലെ വുഹാനില്‍ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാര്‍ഥികളെ എയര്‍ലിഫ്റ്റ് ചെയ്യില്ലെന്ന് പാക്കിസ്ഥാന് വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ സഹായം വാഗ്ദാനം ചെയ്തത്.
അതേസമയം, വുഹാനിലെ കൊറോണ വൈറസ് ബാധയെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ അന്തരിച്ചു. ഡോക്ടര്‍ ലീ വെന്‍ലിയാങ്(34) ആണ് മരിച്ചത്. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു. വുഹാനില്‍ കൊറോണ വൈറസ് ബാധ ഉണ്ടായെന്ന് ആദ്യമായി ലോകത്തെ അറിയിച്ച എട്ട് ഡോക്ടർമാരുടെ സംഘത്തിലെ ഒരാളായിരുന്നു ലീ.
ഡോക്ടർ ലീയുടെ മരണം കൊറോണ ബാധയെ തുടർന്നാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. വുഹാനിൽ കൊറോണ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന് ഇക്കഴിഞ്ഞ ഡിസംബറിലാണ് ലീ മുന്നറിയിപ്പ് നൽകിയത്. ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലെ ഒരു ഗ്രൂപ്പിലാണ് ലീ ഇക്കാര്യം പങ്കുവച്ചത്. ലീയുടെ സഹപാഠികളായിരുന്നു ഈ ഗ്രൂപ്പിലെ അംഗങ്ങൾ.
ALSO READ: കൊറോണ വൈറസ്; സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി
മത്സ്യ ചന്തയിലെ ഏഴ് പേരിൽ സർസിന് സമാനമായ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ടെന്ന വിവരമാണ് ലീ സഹപാഠികളുമായി പങ്കുവച്ചത്. 2003 ൽ ഇതേ വൈറസ് 800 പേരുടെ ജീവനെടുത്തിട്ടുണ്ടെന്നും വിശദീകരിച്ചു. അതിനാൽ സുഹൃത്തുക്കൾക്ക് രഹസ്യ മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ ലീയുടെ പേര് പോലും മറയാക്കാതെ ഈ സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. ഇതേത്തുടർന്ന് ലീയെ പൊലീസ് അറസ്റ്റ് ചെയ്തു.
Post Your Comments