![Kerala-State-Election-Commission](/wp-content/uploads/2019/10/Kerala-State-Election-Commission.jpg)
കോട്ടയം : കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ കടനാട് ഗ്രാമപഞ്ചായത്ത് അംഗം റെജിമോൻ കരിമ്പാനിയിലിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി . ഭാസ്കരൻ അയോഗ്യനാക്കി.
നിലവിൽ ഗ്രാമപഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മത്സരിക്കുന്നതിനും 2020 ഫെബ്രുവരി 4 മുതൽ ആറ് വർഷത്തേയ്ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
2015 നവംബറിൽ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 07.11..2018 ൽ നടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ ബേബി സെബാസ്റ്റ്യന് വോട്ടു ചെയ്യുവാനാണ് ജില്ലാ കോൺഗ്രസ് പ്രസിഡന്റ് ഇദ്ദേഹത്തിന് വിപ്പ് നൽകിയിരുന്നത്. എന്നാൽ ഇദ്ദേഹം പ്രസ്തുത നിർദ്ദേശം ലംഘിക്കുകയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ ജയ്സൺ ജോർജ്ജിന് വോട്ട് ചെയ്യുകയും ചെയ്തു. യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യ അംഗങ്ങൾ വീതമുള്ള കടനാട് ഗ്രാമപഞ്ചായത്തിൽ ഇദ്ദേഹത്തിന്റെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോൺഗ്രസ് പാർട്ടിയിലെ തന്നെ ഗ്രാമപഞ്ചായത്ത് അംഗം ജോസഫ് ബെനഡിക്ട് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കമ്മീഷന്റെ ഈ നടപടി.
Post Your Comments