ഒരിക്കല്‍ ടീച്ചർ പരസ്യമായി ചോദിച്ചു..നീ ആണാണോ അതോ പെണ്ണാണോ; ജീവിതത്തില്‍ ഞാന്‍ തകര്‍ന്നുപോയത് എന്റെ അധ്യാപികയുടെ ആ ചോദ്യത്തിന് മുന്നിലായിരുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജില്‍ വന്ന കുറിപ്പിലെ വരികളാണ് ഇത്. മറ്റുള്ളവര്‍ക്ക് പ്രചോദനം പകരുന്ന ജീവിതകഥകളും ഈ പേജിൽ വിഷയമാവാറുണ്ട്. ഇപ്പോഴിതാ ഗംഗ എന്ന ട്രാന്‍സ് ജെന്‍ഡറിന്റെ തുറന്നെഴുത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ;
‘എന്റെ പേര് ഗംഗ, ഞാനൊരു ട്രാന്‍സ്‌ജെന്‍ഡറാണ്. ഒരു ഡാന്‍സ് റിയാലിറ്റി ഷോ ഹോസ്റ്റാണ്. സങ്കടങ്ങളുടെ ദിനങ്ങള്‍ എനിക്കുമുണ്ടാകാറുണ്ട്. എന്നാല്‍ അതെല്ലാം മറികടന്ന ഞാന്‍ എന്നിലെ സൗന്ദര്യത്തെ തിരിച്ചറിയുന്നു. കുട്ടിക്കാലം തൊട്ടേ സ്ത്രീത്വം എന്റെ ഉള്ളില്‍ ഉറച്ചിരുന്നു. അമ്മ വീട്ടിലില്ലാത്തപ്പോള്‍ അമ്മയുടെ സാരി ഉടുത്ത് നോക്കും. അടുത്ത വീട്ടിലെ ആണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിച്ച് നടക്കുമ്ബോള്‍ ഞാന്‍ പെണ്‍കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ കൂടും. എന്റെ സഹോദരിയുടെ വസ്ത്രങ്ങള്‍ ഉപയോഗിക്കാനായിരുന്നു കൂടുതല്‍ ഇഷ്ടം
പെണ്ണിനെപ്പോലെ നടക്കുന്നു എന്നു പറഞ്ഞ് സ്‌കൂളില്‍ സഹപാഠികള്‍ എന്നെ കളിയാക്കിയിരുന്നു. ചിലപ്പോഴെല്ലാം ആണും പെണ്ണും കെട്ടവനെന്ന് വിളിച്ച് പരിഹസിച്ചു. അവരുടെ കളിയാക്കല്‍ പേടിച്ച് ഞാന്‍ ആണ്‍കുട്ടികള്‍ക്കൊപ്പം കൂട്ടുകൂടാനായി ശ്രമിച്ചു. എന്നാല്‍ അതെന്നെ കൂടുതല്‍ വിഷമത്തിലാക്കി. ഞാന്‍ ക്രൂരമായി അപമാനിക്കപ്പെട്ടു. അവരുടെ രഹസ്യഭാഗത്ത് സ്പര്‍ശിക്കാന്‍ എന്നോടവര്‍ ആവശ്യപ്പെടും. വീട്ടില്‍ പരാതി പറഞ്ഞപ്പോള്‍ അവര്‍ എന്നെ പിന്തുണയ്ക്കാന്‍ തയാറായില്ല. ആണ്‍കുട്ടിയെപ്പോലെ പെരുമാറൂ എന്ന് ഉപദേശിക്കുകയാണ് ചെയ്തത്.
ജീവിതത്തില്‍ ഞാന്‍ തകര്‍ന്നുപോയത് എന്റെ അധ്യാപികയുടെ ആ ചോദ്യത്തിന് മുന്നിലായിരുന്നു. ‘നീ ആണാണോ അതോ പെണ്ണാണോ’- ഒരിക്കല്‍ ടീച്ചര്‍ പരസ്യമായി ചോദിച്ചു. അതോടെ ഞാന്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടവനായി. പിന്നീട് എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ജീവിതം ശരിക്കും മടുത്തിരുന്നു.
2015 ല്‍ മുംബൈയില്‍ നടന്ന ക്വീര്‍ പ്രൈഡ് പരേഡ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. അവിടെ ഞാന്‍ ഞാനായിരുന്നു. മനോഹരമായ നിറങ്ങളുള്ള ഒരു സാരിയാണ് അന്ന് ഉടുത്തിരുന്നത്. എനിക്കറിയാത്ത ഒരുപാട് ആളുകള്‍ അടുത്ത് വന്ന് സാരി മനോഹരമാണെന്ന് പറഞ്ഞു. പരേഡിനിടെ ഗായകനായ വിശാല്‍ ശ്രീവാസ്തവയെ കണ്ടുമുട്ടിയത് ജീവിതത്തില്‍ വഴിത്തിരിവായി. വാജൂദ് എന്ന സിനിമയില്‍ ഒരു റോള്‍ ഉണ്ട് താല്‍പര്യം ഉണ്ടോ എന്നായി അദ്ദേഹം. ആദ്യം എനിക്ക് വിശ്വസിക്കാനായില്ല.
ജീവിതത്തിലെ ടേണിങ് പോയിന്റായിരുന്നു അത്. സിനിമ ഇറങ്ങിയപ്പോള്‍ ധാരാളം പേര്‍ അഭിനന്ദനവുമായി എത്തി. ഇപ്പോള്‍ ആളുകള്‍ എന്നെ അംഗീകരിക്കുന്നു, കൂടെ കൂട്ടുന്നു. പുറത്തിറങ്ങുമ്ബോള്‍ തിരിച്ചറിയുന്നു. സന്തോഷം അടക്കാനാവുന്നില്ല. സങ്കടങ്ങള്‍ വരുമ്ബോള്‍ എല്ലാം അവസാനിച്ചുവെന്ന് നിങ്ങള്‍ക്ക് തോന്നുമായിരിക്കാം. എന്നാല്‍ അത് ഈ ലോകത്തിന്റെ തന്ത്രമാണ്, മൂടുപടം മാറ്റി സ്വയം പുറത്തുവരാന്‍. പിന്നീട് ഒരു ചുവട് വച്ചാല്‍ മതി നമുക്ക് പറന്നുയരാനാകും.
Post Your Comments