ദുബായി സർക്കാർ നൽകി വരുന്ന ചില സേവനങ്ങളുടെ ഫീസുകൾ റദ്ദാക്കാൻ എക്സിക്യൂട്ടിവ് കൗൺസിൽ തീരുമാനിച്ചതായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ബിൻ മക്തൂം. ദുബായിലെ ജീവിത ചിലവുകൾ കുറയ്ക്കാനും നിക്ഷേപക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും ഈ തീരുമാനം സഹായിക്കുമെന്ന് അദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
ആരോഗ്യ പരിശീലന പരിപാടികൾ, സ്കൂളുകളിലെ ബോധവൽക്കരണ പരിപാടികൾ, പബ്ലിക് ലൈബ്രറികൾ എന്നിവ ഫീസ് റദ്ദാക്കിയ സർക്കാർ സേവനങ്ങളിൽ ഉൾപ്പെടും. മെഡിക്കൽ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പുതിയ പദ്ധതിയും കൗൺസിൽ പ്രഖ്യാപിച്ചു.
ഇതാദ്യമായല്ല ദുബായിയിൽ സർക്കാർ ഫീസുകൾ റദ്ദാക്കുന്നത്. കഴിഞ്ഞ മാസം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഫീസിളവ് നടപ്പിലാക്കിയിരുന്നു. 5000 ദിർഹത്തിൽ നിന്നും 1000 ദിർഹമായി കുറച്ചിരുന്നു. ദേശീയ ബ്രോക്കർ പദ്ധതിയിലെ അംഗങ്ങൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക.
ദുബായിലെ ബീച്ചുകളിൽ സ്വകാര്യ വ്യക്തികൾക്ക് അവരുടെ കാരവാൻസ് ഉപയോഗിച്ച് സൗജന്യമായി ക്യാമ്പ് ചെയ്യാനുള്ള അനുവാദവും കഴിഞ്ഞ മാസം നൽകിയിരുന്നു. പുതിയ തീരുമാനം അനുസരിച്ച് 1500 ഓളം സർക്കാർ സേവനങ്ങളുടെ ഫീസ് റദ്ദാക്കപ്പെടും.
Post Your Comments