KeralaLatest NewsNewsIndia

ശബരിമല: തിരുവാഭരണങ്ങളുടെ സംരക്ഷണം കോടതി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്ന് ദേവസ്വം മന്ത്രി; പുന:പരിശോധനാ ഹര്‍ജികളില്‍ വാദം ഇന്നു മുതല്‍

തിരുവനന്തപുരം/ ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം അയ്യപ്പന്റേത് തന്നെയെന്നും തിരുവാഭരണങ്ങളുടെ സംരക്ഷണം കോടതി പറഞ്ഞാല്‍ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം കോടതിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹര്‍ജികളില്‍ വാദം ഇന്ന് ആരംഭിക്കും.

പുനഃപരിശോധനാ ഹര്‍ജികള്‍ ഒന്‍പതംഗ ബെഞ്ചിന് വിട്ടതിന്റെ നിയമയാധുതയായിരിക്കും കോടതി ആദ്യം പരിഗണിക്കുക. ഈ വിഷയത്തില്‍ തീര്‍പ്പുണ്ടാക്കിയതിന് ശേഷമെ പരിഗണനാ വിഷയങ്ങളിലേക്ക് കോടതി കടക്കുകയുള്ളൂ. പുനഃപരിശോധനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശാല ബെഞ്ചിന് വിടാന്‍ അഞ്ചംഗ ബെഞ്ചിന് കഴിയുമോ എന്ന ചോദ്യത്തിലാണ് കോടതി ഇന്ന് വാദം കേള്‍ക്കുക എന്ന് സുപ്രീംകോടതി രജിസ്ട്രി പുറത്തിറക്കിയ നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു.

മൊത്തം 10 ദിവസമേ വാദം അനുവദിക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ വാദം ആരംഭിച്ചാല്‍ തുടര്‍ച്ചയായി പത്തുദിവസം വാദം കേള്‍ക്കുമെന്നാണ് സൂചന.

ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണത്തിന്റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പന്തളം രാജകുടുംബത്തിന്റെ കൈവശം വെക്കുന്നത് ചോദ്യം ചെയ്തു കൊണ്ടാണ് ജസ്റ്റിസ് എന്‍.വി രമണ വിശദീകരണം തേടിയത്.

ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണെന്ന് പറഞ്ഞ കോടതി, ദൈവത്തിന്റെ സമര്‍പ്പിച്ച്‌ കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് അവകാശമില്ലെന്ന് വ്യക്തമാക്കി. തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ, പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു.

രാജകുടുംബത്തിന്റെ ഒരു വിഭാഗം തിരുവാഭരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നല്‍കി. തിരുവാഭരണത്തിന്റെ കാര്യത്തില്‍ രാജ കുടുംബത്തിലെ രണ്ട് വിഭാഗങ്ങള്‍ അവകാശവാദം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വിമര്‍ശിച്ചു. തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ കോടതിയെ അറിയിച്ചു. തിരുവാഭരണത്തിന്റെ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോടും ദേവസ്വം ബോര്‍ഡിനോടും കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button