തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര യെ കുറിച്ച് നെല്‍സണ്‍ ജോസഫ് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ഏറെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. മിന്നല്‍ ഒരിടത്ത് രണ്ടാമതൊന്ന് ആവര്‍ത്തിക്കാറില്ല എന്ന് ഒരു പഴമൊഴി പറഞ്ഞുകേട്ടിട്ടുണ്ട്..ചുമ്മാതാണെന്ന് തെളിയിക്കുകയാണെനന്ും പറഞ്ഞാണ് കുറിപ്പിന്റെ തുടക്കം. പിന്നീട് മഹുവ മൊയ്ത്ര പാര്‍ലമെന്റില്‍ ഉന്നയിച്ച കാര്യങ്ങള്‍ എടുത്തു കാണിച്ചാണ് കുറിപ്പ് തുടരുന്നത്.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ;
തീപ്പൊരി വീണ്ടും… :)
മിന്നല്‍ ഒരിടത്ത് രണ്ടാമതൊന്ന് ആവര്‍ത്തിക്കാറില്ല എന്ന് ഒരു പഴമൊഴി പറഞ്ഞുകേട്ടിട്ടുണ്ട്..ചുമ്മാതാണെന്ന് തെളിയിക്കുകയാണ്.
പാര്‍ലമെന്റിലെ ആദ്യത്തെ പ്രസംഗം തന്നെ ഇടിവെട്ടായി ശ്രദ്ധിക്കപ്പെട്ട മഹുവ മൊയ്ത്രയാണ് കഴിഞ്ഞ ദിവസം ഒന്നൂടിയൊന്ന് പിടിച്ചുകുലുക്കിക്കളഞ്ഞത്.
പത്തു മിനിറ്റുണ്ട് പ്രസംഗം..
ഈ ഗവണ്മെന്റ് ഉത്തരവാദിയായ വഞ്ചനയ്‌ക്കെതിരെയെന്ന് ആദ്യ വാചകങ്ങളിലൊന്നില്‍ പറഞ്ഞുതുടങ്ങി പിന്നെ പോക്ക് മേപ്പട്ട് തന്നെയാണ്.
‘ എന്റെ വാക്കുകള്‍ ബഹളം വച്ച് മുക്കിക്കളയാനാണ് ശ്രമിക്കാന്‍ പോവുന്നതെങ്കില്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ ചെയ്‌തോളൂ….കാരണം ഇന്ന് ഇന്ത്യയിലെ ജനങ്ങള്‍ ഇന്ന് തെരുവുകളിലാണ്..അവരുടെ ശബ്ദം നിശബ്ദരാക്കാന്‍ കഴിയുന്നതിലുമപ്പുറമാണ്…’
‘ പ്രതിപക്ഷത്തെ ഒരംഗമെന്ന നിലയില്‍ നിങ്ങളോട് ഇത് പറയാന്‍ എനിക്ക് ചോദ്യം ചെയ്യപ്പെടാനാവാത്ത അവകാശമുണ്ട്.. നിങ്ങള്‍ വിനയമില്ലാത്ത ഒരു ഗവണ്മെന്റാണ്. ‘
പോള്‍ ചെയ്ത 67% വോട്ടില്‍ 37% ആണ് നിങ്ങള്‍ക്ക് കിട്ടിയത്. 900 മില്യണ്‍ വോട്ടര്‍മാരില്‍ ഏതാണ്ട് 230 മില്യണ്‍ ആളുകളുടെ പിന്തുണയാണു നിങ്ങള്‍ക്കുള്ളത്.
അതായത് ഒരു ബില്യണ്‍ ജനങ്ങളില്‍ ഏതാണ്ട് 23 കോടി മാത്രം. അതുകൊണ്ട് എല്ലാ പൗരന്മാരുടെയും മേല്‍ അധികാരമുള്ള ഒരു ഭരണഘടനയ്ക്ക് അതീതമായ ഒന്നാണെന്ന് അഹങ്കരിക്കരുത്.
നിങ്ങള്‍ക്ക് 2014ല്‍ വോട്ട് ചെയ്ത 31%ല്‍ ഞാനില്ല. 2019ല്‍ വോട്ട് ചെയ്ത 37%ലും ഞാനില്ല. അതുകൊണ്ട് ഇത് എന്നെപ്പോലത്തെ ആളുകളെക്കുറിച്ചല്ല. എനിക്ക് നിങ്ങളെ സംശയമായിരുന്നു..നിങ്ങളുടെ പ്രത്യയശാസ്ത്രത്തിലും വാചാടോപത്തിലും തുടക്കം തൊട്ടേ…
പക്ഷേ നിങ്ങള്‍ക്ക് വോട്ട് ചെയ്ത അതേ ജനങ്ങളെ നിങ്ങള്‍ വഞ്ചിച്ചു.നിങ്ങള്‍ അധികാരത്തിലെത്തിയത് വലതുപക്ഷ ഹിന്ദു വോട്ടര്‍മാരുടെ വോട്ടുകൊണ്ട് മാത്രമല്ല. ഒരു വലിയ വിഭാഗം സാധാരണക്കാര്‍ കൂടി വോട്ട് ചെയ്തതുകൊണ്ടാണ്.നിങ്ങള്‍ സബ്കാ സാഥ്, സബ്കാ വികാസ് എന്ന് പറഞ്ഞപ്പൊ അവര്‍ കരുതിയത് ഒന്നിച്ചു നില്‍ക്കുന്ന ഇന്ത്യയുടെ വികസനം എന്നാണ്..
ആദ്യ ജോലിക്കായി കാത്തിരുന്ന യുവ വോട്ടറെ നിങ്ങള്‍ വഞ്ചിച്ചു. ഡീമോണിട്ടൈസേഷനെന്ന മണ്ടത്തരം കൊണ്ട് നിങ്ങള്‍ ചെറുകിട ബിസിനസുകാരനെ വഞ്ചിച്ചു.
ഗുജറാത്തിലെ ആയിരക്കണക്കിനു ട്രൈബല്‍ അംഗങ്ങളെ അവരുടെ സ്ഥലം ഒരു പ്രതിമ ഉണ്ടാക്കാനെടുത്തിട്ട് അവരെ നിങ്ങള്‍ കക്കൂസ് വൃത്തിയാക്കുന്ന ജോലി നല്‍കി നിങ്ങള്‍ വഞ്ചിച്ചു. നിങ്ങള്‍ക്ക് വോട്ട് നല്‍കി ജയിപ്പിച്ചു വിട്ട പൗരന്റെ പൗരത്വത്തെ നിങ്ങള്‍ ചോദ്യം ചെയ്തു.’
അവര്‍ക്കിന്ന് അവര്‍ ജീവിക്കുന്ന ഇന്ത്യയെ തിരിച്ചറിയാന്‍ കഴിയുന്നില്ല. ഭരണകക്ഷിയിലെ അംഗങ്ങള്‍ പരസ്യമായി വിദ്വേഷം നിറഞ്ഞ വിഷം വമിപ്പിക്കുന്ന വാക്കുകളോട് അവര്‍ക്ക് യോജിക്കാന്‍ കഴിയുന്നില്ല.
(പശ്ചാത്തലത്തില്‍ കയ്യടികള്‍ കേള്‍ക്കാം…)
ഓഷ്വിറ്റ്‌സിലെ സര്‍വൈവേഴ്‌സിനെക്കുറിച്ചാണ് തുടര്‍ന്ന് സംസാരിക്കുന്നത്..
ഗ്യാസ് ചേമ്പറിന്റെ സ്വിച്ച് അമര്‍ത്തിയവരെക്കുറിച്ച് മാത്രം ഓര്‍ത്താല്‍ പോരാ, അവരെ ആദ്യം മാര്‍ക്ക് ചെയ്ത് തങ്ങളുടെ ഇടയില്‍ നിന്ന് വേര്‍തിരിച്ച് നിറുത്തിയപ്പൊ പ്രതികരിക്കാതിരുന്നവരെയും ഓര്‍ക്കണം എന്ന് മഹുവ മൊയ്ത്ര പറയുന്നതും നിറഞ്ഞ കയ്യടികളോടെയാണ് സ്വീകരിക്കപ്പെടുന്നത്…
എന്‍.പി.ആറും എന്‍.ആര്‍.സിയും സി.എ.എയും അങ്ങനെ മാര്‍ക്ക് ചെയ്യാനുള്ള ഉപകരണങ്ങളാണെന്ന് അവര്‍ പറഞ്ഞുവയ്ക്കുന്നു..2014ലെ തന്റെ സുഹൃത്തുക്കള്‍ അവരുടെ പേരില്‍ നിങ്ങള്‍ ചെയ്യുന്നത് കണ്ട് ഭയന്നിട്ടുണ്ടെന്നും…
‘ നമ്മുടെ ദാദിമാര്‍ തീവ്രവാദികളും നമ്മുടെ കുട്ടികള്‍ ദേശദ്രോഹികളുമാവുന്ന വ്യാജ വിവരണങ്ങളാണ് നിങ്ങള്‍ നല്‍കുന്നത്. പക്ഷേ ഇന്ന് നമ്മുടെ പൗരന്മാര്‍ അവസാനം അതിനെതിരെ ഉയര്‍ന്നു നില്‍ക്കുകയാണ്..
അവര്‍ രാമപ്രസാദ് ബിസ്മിലിന്റെ വാക്കുകളാണ് ആവര്‍ത്തിക്കുന്നത്..ഇത് എന്റെ വാക്കുകളല്ല..
‘ Dehkna Hai Zor Kitna
Baajuen Qaatil Mein Hai ‘ ‘
സമ്പദ് വ്യവസ്ഥയെയും വികസനത്തെയും ഒന്നാമത് നിര്‍ത്താമെന്ന വാഗ്ദാനം ലംഘിച്ചുവെന്ന് മഹുവ ചൂണ്ടിക്കാട്ടുന്നു…യഥാര്‍ഥ ജി.ഡി. പിയെക്കുറിച്ച് സംസാരിക്കാന്‍ ധനമന്ത്രി ഭയക്കുന്നുവെന്ന് അവര്‍ ആരോപിക്കുന്നു….
2014 നു ശേഷമാണ് ഈ തകര്‍ച്ചകളെല്ലാം ഉണ്ടായതെന്നാണ് അവര്‍ പ്രസംഗത്തില്‍ പറഞ്ഞുവയ്ക്കുന്നത്.
ഒരു വ്യാജമായ ചരിത്രമുള്ള ഇന്ത്യയെ നിര്‍മിക്കാനാണ് നിങ്ങള്‍ പരിശ്രമിക്കുന്നതെന്ന് അവര്‍ തുടരുന്നു.
‘ എന്റെ ഓര്‍മ നിങ്ങളുടെ ചരിത്രത്തിന്റെ വഴിയില്‍ (തടസമായി) വരും..’
ഒരു മജോറിറ്റേറിയന്‍ സര്‍ക്കാരും അവര്‍ക്ക് പിന്താങ്ങുന്ന മീഡിയയും ഒപ്പം ജുഡീഷ്യറിയുമുണ്ടെങ്കില്‍ അതൊരു അപകടകരമായ കോമ്പിനേഷനാണ്….
‘ ഇത് ചൂണ്ടിക്കാട്ടുന്നതുകൊണ്ട് ഞങ്ങള്‍ ഒറ്റുകാരല്ല…മറിച്ച് ഭരണഘടനയുടെയും ഈ മണ്ണിന്റെയും യഥാര്‍ഥ കാവല്‍ക്കാരാണ് ‘
അപ്പൊ ഒരു കാര്യം ഉറപ്പാണ്….
മുന്‍പ് കേട്ട പ്രസംഗം ഒറ്റത്തവണത്തേക്ക്കുള്ളതല്ലായിരുന്നു
Post Your Comments