തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പിണറായി സർക്കാരിന്റെ സംസ്ഥാന ബജറ്റ് നാളെ. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കാന്‍ എന്തൊക്കെ പ്രഖ്യാപനങ്ങളാകും ധനമന്ത്രി തോമസ് ഐസക് നടത്തുകയെന്ന് ഉറ്റു നോക്കുകയാണ് കേരളം. നികുതി വരുമാനം കുത്തനെ ഉയര്‍ത്തി വരുമാനം കണ്ടെത്താനുള്ള ശ്രമമാകും സര്‍ക്കാര്‍ നടത്തുക.
സാമ്പത്തിക പ്രതിസന്ധിയും പ്രളയാനന്തര സാഹചര്യങ്ങളും സംസ്ഥാനത്തെ പല വ്യാപാരമേഘകളെയും തളര്‍ത്തിയിട്ടുണ്ട്. സംസ്ഥാനം മാസങ്ങളായി കര്‍ശന ട്രഷറി നിയന്ത്രണത്തിലുമാണ്. കേരളത്തിന്റെ പൊതു ധനകാര്യ മേഘലയിലാകെ നിരാശ പടര്‍ന്നിരിക്കയാണ്. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും പെന്‍ഷന്‍ പ്രായം കൂട്ടുന്നതോ വിരമിക്കല്‍ തീയതി ഏകീകരിക്കുന്നതോ പരിഗണനയിലില്ലെന്നു ധനമന്ത്രി വ്യക്തമാക്കി.
ഇതോടൊപ്പം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട വിഹിതത്തിലും കുറവുവന്നതോടെ ബജറ്റില്‍ നികുതികളും ഫീസുകളും കൂട്ടാതെ മാര്‍ഗമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിട്ടുണ്ട്. വരുമാനം കൂട്ടാന്‍ കഴിഞ്ഞ ബജറ്റിലും നിരക്കുകള്‍ ഉയര്‍ത്തിയെങ്കിലും ഉദ്ദേശിച്ച പ്രയോജനം ലഭിച്ചിട്ടില്ല. ഭൂമിയുടെ ന്യായവില, റജിസ്ട്രേഷന്‍ നിരക്കുകള്‍, മദ്യവില, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസുകള്‍ എന്നിവയിലെല്ലാം ഇത്തവണയും വര്‍ധനയ്ക്ക് സാധ്യതയുണ്ട്. മദ്യത്തിനും ലോട്ടറിയ്ക്കും വില കൂട്ടി വരുമാനം കണ്ടെത്താനുള്ള മാര്‍ഗമാകും ബജറ്റിലൂടെ സര്‍ക്കാര്‍ കാണുക.
എന്നാല്‍ ഏതുപരിധി വരെ നിരക്കുവര്‍ധനയ്ക്ക് ധനമന്ത്രി ധൈര്യം കാണിക്കുമെന്നതാണ് ആകാംക്ഷ. ഈ സര്‍ക്കാരിന്റെ കാലത്ത് വരുമാനം കൂട്ടാന്‍ അവസരം ലഭിക്കുന്ന അവസാനബജറ്റെന്ന ബോധ്യം തോമസ് ഐസക്കിനുണ്ട്. അടുത്തത് തിരഞ്ഞെടുപ്പ് ബജറ്റായതിനാല്‍ ജനപ്രിയമായേ പറ്റൂ. ചെലവുചുരുക്കുന്നതിനായി ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കുന്നത് അടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.
Post Your Comments