ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം, വിശാല ബെഞ്ചിനെ എതിര്‍ത്ത് ഭരണഘടനാ വിദഗ്ധനായ സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ . ശബരിമല യുവതീ പ്രവേശനം ഉള്‍പ്പെടെ, മതവിശ്വാസവും ഭരണഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ ഒന്‍പതംഗ വിശാല ബെഞ്ച് രൂപീകരിച്ചതിന്റെ സാധുതയെച്ചൊല്ലിയാണ് സുപ്രീം കോടതിയില്‍ ശക്തമായ വാദപ്രതിവാദം നടന്നത്. റിവ്യൂ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഇത്തരമൊരു വിശാല ബെഞ്ച് രൂപീകരിച്ചതിനെ ഭരണഘടനാ വിദഗ്ധനായ സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് വാദം.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഒന്‍പത് അംഗ ബെഞ്ചിനു മുന്നില്‍ വാദത്തിനു തുടക്കമിട്ടത്. ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയ് സ്വന്തം നിലയ്ക്കാണ് വിശാലമായ ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് റഫറന്‍സ് നടത്തിയതെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ചീഫ് ജസ്റ്റിസിന് അത്തരം അധികാരമുണ്ട്. ശബരിമല റിവ്യൂ ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ ഭാഗമായിരുന്നുകൊണ്ടും ചീഫ് ജസ്റ്റിസിന് ഇത്തരമൊരു റഫറന്‍സ് നടത്താവുന്നതാണെന്ന് തുഷാര്‍ മേത്ത പറഞ്ഞു. വിശാല ബെഞ്ച് ശബരിമല റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കില്ലെന്ന് വ്യകതമാക്കിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.
സോളിസിറ്റര്‍ ജനറല്‍ പറയുന്നതുപോലെ വിശാലബെഞ്ച് രൂപീകരിച്ച ഉത്തരവ് ചീഫ് ജസ്റ്റിസിന്റെ ഭരണപരമായ ഉത്തരവ് ആയിരുന്നില്ലെന്ന് എതിര്‍ വാദം ഉന്നയിച്ച സീനിയര്‍ അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ ചൂണ്ടിക്കാട്ടി. അതൊരു ജുഡീഷ്യല്‍ ഉത്തരവാണ്. മറ്റു രണ്ടു ജഡ്ജിമാര്‍ അതില്‍ ഒപ്പു വച്ചിട്ടുണ്ട്. ശബരിമല കേസില്‍ മൂന്നംഗ ബെഞ്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. അഞ്ച് അംഗം ബെഞ്ച് അതിന് ഉത്തരം കണ്ടെത്തി. അതിനെതിരെയാണ് റിവ്യു സമര്‍പ്പിക്കപ്പെട്ടത്- നരിമാന്‍ ചൂണ്ടിക്കാട്ടി.
ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കാണാനാവുമോ എന്നായിരുന്നു പ്രധാന ചോദ്യം. അതിന് 2018ലെ വിധിയില്‍ ഉത്തരമായതാണ്. അതില്‍ പിഴവുണ്ടോ എന്നു മാത്രമാണ് റിവ്യു ഹര്‍ജിയില്‍ ചെയ്യാനാവുകയെന്ന് നരിമാന്‍ വാദിച്ചു. തീരുമാനമായ കാര്യം അങ്ങനെയല്ലാതാക്കി മാറ്റാന്‍ കോടതിക്കാവില്ല. ശബരിമല ഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാനാവില്ലെന്ന 4-1 വിധി നിലനില്‍ക്കെ വിശാല ബെഞ്ചിനു മുന്നില്‍ വന്ന ചോദ്യങ്ങള്‍ സാങ്കല്‍പ്പികം മാത്രമാണെന്ന് നരിമാന്‍ പറഞ്ഞു. ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനാവുക രാഷ്ട്രപതിക്കാണ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനോ മറ്റാര്‍ക്കെങ്കിലുമോ അതിനാവില്ല. ‘ഇത് അമേരിക്കന്‍ ഭരണഘടനയല്ല’ – നരിമാന്‍ വാദിച്ചു.
Post Your Comments