തിരുവനന്തപുരം: ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിനെ തള്ളി മുതിര്‍ന്ന ബിജെപി നേതാവ് പികെ കൃഷ്ണദാസ്. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും എന്നാല്‍ കേരളത്തിലെ യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ലൗ ജിഹാദുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാലും സംസ്ഥാന സര്‍ക്കാര്‍ യഥാര്‍ത്ഥ റിപ്പോര്‍ട്ട് നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശക്തമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെടുകയാണെന്നും ഇക്കാര്യത്തില്‍ സീരോ മലബാര്‍ സഭയുടെ ആരോപണം സത്യമാണെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
അതിനിടെ, ലൗ ജിഹാദ് കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും, യാഥാര്‍ത്ഥ്യമാണെന്നും ആവര്‍ത്തിച്ച് കാത്തലിക് ഫെഡറേഷന്‍ രംഗത്തെത്തി. ഇന്ത്യന്‍ പീനല്‍ കോഡില്‍ ലൗ ജിഹാദ് എന്ന വാക്കില്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്ന് കാത്തലിക് ഫെഡറേഷന്‍ ദേശീയ പ്രസിഡന്റ് പി പി ജോസഫ് പറഞ്ഞു. എന്നാല്‍ ലൗ ജിഹാദുമായി ബന്ധപ്പെട്ട ഒരു കേസും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി, രേഖാമൂലം ബെന്നി ബെഹനാന്‍ എംപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.
ലൗ ജിഹാദ് ഇല്ലെന്ന് വരുത്തി തീര്‍ക്കാന്‍ സംഘടിതമായ ശ്രമമാണ് നടക്കുന്നത്. ലൗ ജിഹാദുമായി ബന്ധപ്പെട്ട് ആധികാരികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈസ്തവ സഭ പരാതികളുന്നയിച്ചത്. അത് തെറ്റെന്ന് പറയാന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് കാത്തലിക് ഫെഡറേഷന്‍ പറയുന്നത്. കേരളത്തില്‍ ലൗ ജിഹാദിലൂടെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുവെന്ന അതീവ ഗുരുതരമായ ആരോപണമാണ് സിറോ മലബാര്‍ സഭാ സിനഡ് ഉന്നയിച്ചത്.
Post Your Comments