ഇന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ തങ്ങളെ പോലുള്ളവര്‍ വിരമിക്കേണ്ട സമയമായെന്ന് തോന്നുന്നുവെന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ പരാമര്‍ശത്തിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രിയദര്‍ശന്‍ വിരമിക്കുന്നുവെന്ന് പറഞ്ഞാല്‍ തന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണെന്നും ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ലെന്നും ഹരീഷ് പേരടി പറയുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പ്രിയന്‍ സാര്‍.. കുഞ്ഞാലിമരക്കാറില്‍ ഞാന്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ സാബു സിറിള്‍സാറിന്റെ സെറ്റ്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി… ആ ലൊക്കേഷനില്‍ വെച്ച് ഷൂട്ട് ചെയ്ത എന്റെ സീന്‍ ഞാന്‍ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോള്‍ അത് എന്നെ എത്രയോ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോയി… ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി… ഞാന്‍ നില്‍ക്കുന്ന സ്ഥലവും ഞാന്‍ കണ്ട ദൃശ്യങ്ങളും രണ്ടും രണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു… പിന്നീട് മലയാളവും തമിഴും ഡബ് ചെയ്യാന്‍ വന്നപ്പോള്‍ താങ്കളുടെ വിസമയങ്ങള്‍ക്കു മുന്നില്‍ ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നു.. പുതിയ കുട്ടികളുടെ സിനിമയെ നിങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത… പക്ഷെ റിട്ടയര്‍മെന്റ് എന്ന വാക്ക് പ്രിയന്‍ സാറിന്റെ വാക്കായി മാറുമ്ബോള്‍ എന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണ്.. ഞാന്‍ ബാക്കി വെച്ച കിളിച്ചുണ്ടന്‍ മാമ്ബഴങ്ങള്‍ ഇനിയും നിങ്ങളുടെ മാവില്‍ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്… നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്ബുരാന് ഞങ്ങള്‍ സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ല സാര്‍… ഇനി അങ്ങനെ ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ വേണ്ടി ഒരു ഹര്‍ത്താല്‍ നടത്താനും ഞങ്ങള്‍ മലയാളികള്‍ തയ്യാറാണ്…
Post Your Comments