ന്യൂ ഡൽഹി : നിർഭയ കേസിൽ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിൽ നിർണായക വിധി നാളെ. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരെ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി നാളെ ഉച്ചയ്ക്ക് 2:30നു ശേഷമാണ് വിധി പറയുക. ദയാഹർജി തള്ളിയ മുകേഷ് സിംഗിന്റെ വധ ശിക്ഷ നടപ്പാക്കാനും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമപരമായ എല്ലാ അവസരങ്ങളും വിനിയോഗിക്കാനുള്ള അവകാശം പ്രതികൾക്ക് നല്‍കണമെന്ന ആവശ്യം അംഗീകരിച്ചായിരുന്നു വെള്ളിയാഴ്ച്ച പട്യാല കോടതി പ്രതികളുടെ മരണവാറന്റിന് സ്റ്റേ നൽകിയത്. ഫെബ്രുവരി ഒന്നിന് പ്രതികളെ തൂക്കിലേറ്റാനുള്ള തയ്യാറെടുപ്പുകള്‍ ജയില്‍ അധികൃതര്‍ സ്വീകരിച്ചിരുന്നപ്പോഴായിരുന്നു സ്റ്റേ ഉത്തരവ് .
ഡൽഹി പട്യാല ഹൗസ് കോടതി വിധി പ്രകാരം നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ. എന്നാല്‍ പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണം എന്ന നിയമം നിലനിൽക്കില്ലെന്നായിരുന്നു കേന്ദ്രം വാദിച്ചത്. പ്രതികൾ ഏഴ് വർഷമായി നീതിന്യായ സംവിധാനത്തെ മുൻനിർത്തി രാജ്യത്തിന്‍റെ ക്ഷമ പരീക്ഷിക്കുകയാണ്. സമൂഹത്തിന്റെയും നിയമസംവിധാനത്തിന്‍റെയും താല്‍പ്പര്യം കണക്കിൽ എടുത്ത് ഉടൻ വധശിക്ഷ നടപ്പാക്കണം. ഒരിക്കൽ സുപ്രീംകോടതി തീർപ്പ് കല്‍പ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിൽ തടസ്സമില്ല. ദയാഹര്‍ജികള്‍ തള്ളിയവരെ തൂക്കിലേറ്റണം. ഒരാൾക്ക് രാഷ്ട്രപതി ഇളവ് നല്‍കുന്നത് അയാളുടെ കാര്യങ്ങൾ മാത്രം പരിഗണിച്ചാണ്. അതിനാൽ മറ്റുളളവർക്കത് ബാധകം അല്ലമെന്നും സർക്കാർ വാദത്തിൽ പറയുന്നു.
Post Your Comments