
തിരുവനന്തപുരം : ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ മലയാള പരിഭാഷയില്‍ ഗുരുതരമായ തെറ്റ് . തെറ്റു വരുത്തിയ ഉദ്യോഗസ്ഥരോടു സര്‍ക്കാര്‍ വിശദീകരണം ചോദിച്ചു. നിയമവകുപ്പിലെ ആറ് അഡിഷനല്‍ സെക്രട്ടറിമാരോടാണു നിയമവകുപ്പ് സെക്രട്ടറി കാരണം കാണിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നയപ്രഖ്യാപന പ്രസംഗത്തിലെ ഏറ്റവും കാതലായ ഭാഗത്തുതന്നെയാണു പരിഭാഷയില്‍ ഗുരുതര വീഴ്ച വന്നത്. പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള 18ാം ഖണ്ഡിക ഗവര്‍ണര്‍ വായിക്കുമോ എന്നുപോലും സംശയം ഉണ്ടായിരുന്നതാണ്. വളരെ ശ്രദ്ധിച്ചു തയാറാക്കിയ ഈ ഭാഗം തന്നെ പരിഭാഷയില്‍ അപ്പാടെ തെറ്റി. നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാല്‍ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാന്‍ കഴിയില്ല എന്നാണു പരിഭാഷയില്‍ പറഞ്ഞിരുന്നത്. ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതനിരപേക്ഷതയുടെ ഓരോ അംശത്തിനും എതിരാണു മതം അടിസ്ഥാനമാക്കിയുള്ള പൗരത്വം എന്നാണു ശരിയായ പരിഭാഷ.
ഉദ്ദേശിച്ചതിന് നേരെ വിരുദ്ധമായ അര്‍ഥം വരും വിധം പരിഭാഷപ്പെടുത്തിയത് സര്‍ക്കാരിനും നിയമസഭയ്ക്കും വലിയ നാണക്കേടുണ്ടാക്കി. തെറ്റു തിരുത്തി കുറിപ്പ് പ്രസിദ്ധീകരിക്കേണ്ടിയും വന്നു. ഇംഗ്ലിഷ് പ്രസംഗം നിയമ വകുപ്പിലെ സ്‌പെഷല്‍ സെക്രട്ടറിയുടെ കീഴില്‍ ആറ് അഡീഷനല്‍ സെക്രട്ടറിമാര്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യുകയായിരുന്നു. വിവര്‍ത്തനം മുഴുവനായി ക്രോഡീകരിച്ചതിനു ശേഷം എല്ലാവരും വായിച്ചു കേള്‍ക്കും. എന്നിട്ടാണ് അന്തിമ അംഗീകാരം നല്‍കി അച്ചടിക്കു നല്‍കുക.
വീഴ്ച ഉണ്ടായെന്നും തിരക്കു കൊണ്ടു സംഭവിച്ചതാണെന്നും വിശദീകരണം നല്‍കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതു സ്വീകരിക്കണോ, അതോ നടപടി വേണോ എന്ന് മന്ത്രി എ.കെ. ബാലന്‍ തീരുമാനമെടുക്കും
Post Your Comments