മുംബൈ: കാമുകിയെ ആളൊഴിഞ്ഞ റെയിൽവേ ട്രക്കിൽ കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് ട്രെയിനിടിച്ച് മരിച്ചു. 37 കാരനായ യുവാവിൽ നിന്ന് വിധവയായ യുവതി പണം കടമായി വാങ്ങിയിരുന്നു. അങ്ങനെ തുടങ്ങിയ പരിചയം പീന്നീട് പ്രണയ ബന്ധമായി മാറുകയായിരുന്നു. വിധവയായ യുവതിക്ക് മൂന്ന് പെൺമക്കളാണ് ഉളളത്. യുവാവിനും വേറെ ഭാര്യയും മക്കളുമുണ്ട്.
അടുപ്പം കൂടിയതോടെ യുവതി കടം മേടിച്ച പണം തിരികെ നൽകിയില്ല. കഴിഞ്ഞ ജനുവരി 18 ന് ഇരുവരും മതുംഗ റോഡിലെത്തി. ആദ്യമായി മുംബൈയിൽ എത്തിയ യുവതിയോട് ട്രെയിനിൽ വീട്ടിലേയ്ക്ക് പോകാമെന്ന് പറഞ്ഞാണ് റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വന്നത്. ഇരുവരും റെയിൽവേ ട്രാക്കിലൂടെ നടക്കുന്ന സിസടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോൾ പിന്നാലെയെത്തി യുവാവ് യുവതി ധരിച്ചിരുന്ന ഷാൾ കഴുത്തിൽ കുരുക്കി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. ബലം പ്രയോഗിച്ച യുവതി യുവാവിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ടു. ഇതോടെ യുവതിയുടെ ബാഗുമെടുത്ത് ട്രാക്കിലൂടെ തന്നെ നടന്ന യുവാവിനെ ട്രെയിനിടിക്കുകയായിരുന്നു.
പേടിച്ച് ഓടിയ യുവതിയാണ് പൊലീസിനോടും യാത്രക്കാരോടും അപകടത്തെ കുറിച്ച് പറഞ്ഞത്. പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി, യുവാവിന്‍റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് അയച്ചു. എന്നാൽ സംഭവം നടന്ന് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവാവിന്‍റ വീട്ടുകാർ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. യുവാവിന്‍റെ ദുരൂഹ മരണത്തിൽ യുവതിയുടെ പങ്ക് കൂടി അന്വേഷിക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ സംഭവത്തിന്‍റെ വിവിധ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും യുവതിക്കെതിരെ ഒരു തെളിവും ലഭിച്ചില്ല എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. എന്തിനാണ് യുവാവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത് എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പൊലീസിന്‍റെ പക്കലുമില്ല.
കടം നൽകിയ പണത്തെ ചൊല്ലിയുണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിന്‍റെ പ്രകോപന കാരണം എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് നേരത്തെയും നിരവധി കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്.
Post Your Comments