KeralaLatest NewsNews

അധികാരികളുടെ പിടിപ്പുകേട് : കടലിലേയ്ക്ക് പോയത് മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പ്രവാസി മലയാളിയുടെ കാല്‍ നൂറ്റാണ്ടിലെ സമ്പാദ്യം

 

കാസര്‍ഗോഡ് : അധികാരികളുടെ പിടിപ്പുകേടിനെ തുടര്‍ന്ന് കടലിലേയ്ക്ക് പോയത് പ്രവാസി മലയാളിയുടെ കാല്‍ നൂറ്റാണ്ടിലെ സമ്പാദ്യം
ഉപ്പള മൂസോടി കടപ്പുറത്തെ മുഹമ്മദ് 25 കൊല്ലത്തോളം മരുഭൂമിയില്‍ ജോലി ചെയ്തു സമ്പാദിച്ച വീടും 64 സെന്റ് ഭൂമിയുമാണു നാലു വര്‍ഷത്തിനിടെ പൂര്‍ണമായും കടലെടുത്തു പോയത്.
കടലില്‍ നിന്ന് അരക്കിലോമീറ്ററിലേറെ ദൂരെ സുരക്ഷിതമെന്നു കരുതിയ സ്ഥലത്തു നിയമപരമായ അനുമതിയോടെ നിര്‍മിച്ച വീട് കടല്‍ വിഴുങ്ങിയിട്ടും സര്‍ക്കാരില്‍ നിന്നു നയാപ്പൈസ നഷ്ടപരിഹാരമോ സഹായമോ കിട്ടിയിട്ടില്ല. ഭാര്യയെയും വിവാഹപ്രായമെത്തിയ രണ്ടു പെണ്‍മക്കളെയും കൂട്ടി വാടകവീട്ടില്‍ കഴിയുന്ന മുഹമ്മദിന് ഇനി ആരോടു സഹായം തേടണമെന്നും അറിയില്ല.

Read Also : കടല്‍ക്ഷോഭം ശക്തം; തീരദേശത്ത് കടല്‍ഭിത്തിയുടെ അഭാവം ആശങ്ക ഉയര്‍ത്തുന്നു

മുഹമ്മദിന്റേതുള്‍പ്പെടെ 10 വീടുകളാണ് ഈ ഭാഗത്തു കടലെടുത്തു പോയത്. നിര്‍ധന കുടുംബാംഗമായ മുഹമ്മദ് സൗദിയില്‍ ഡ്രൈവറായി ജോലി ചെയ്തു സ്വരുക്കൂട്ടിയ പണം കൊണ്ടാണ് എട്ടു കൊല്ലം മുന്‍പു വീടു വച്ചത്. ഇന്റര്‍ലോക്ക് പാകി മനോഹരമായൊരുക്കിയ കോണ്‍ക്രീറ്റ് വീട്ടിലെ താമസത്തിന്റെ സന്തോഷം അധികനാള്‍ നീണ്ടു നിന്നില്ല. മത്സ്യബന്ധന തുറമുഖത്തിനു വേണ്ടി സമീപത്തു കടലില്‍ പുലിമുട്ട് (തിരകളുടെ ശക്തി കുറയ്ക്കാനുള്ള കരിങ്കല്‍ഭിത്തി) നിര്‍മിച്ചതോടെ ഒഴുക്കു തടസ്സപ്പെട്ടു തിരകള്‍ കരയിലേക്കു കയറി.

മുഹമ്മദിന്റെ വീട് സ്ഥിതി ചെയ്തിരുന്ന വടക്കു ഭാഗത്ത് 600 മീറ്ററോളമാണ് കടല്‍ കരയിലേക്കു കയറിയത്. അതേ സമയം തെക്കുഭാഗത്തു തിര കുറഞ്ഞ് കടല്‍ പിന്നോട്ടു പോയി കരയുടെ വിസ്തൃതി കൂടുകയും ചെയ്തു. രണ്ടു കൊല്ലം മുന്‍പു വീടും പറമ്പും പൂര്‍ണമായി കടലെടുത്തു പോയതോടെ ഭാര്യയ്ക്കും മക്കള്‍ക്കും കിടപ്പാടം കണ്ടെത്താന്‍ മുഹമ്മദിനു ഗള്‍ഫിലെ ജോലി ഉപേക്ഷിച്ചു പോരേണ്ടി വന്നു.

മജീര്‍പ്പള്ളിയിലെ വാടകവീട്ടിലാണ് ഇപ്പോള്‍ താമസം. തുറമുഖത്തിന്റെ പണി തുടങ്ങുന്നതിനു മുന്‍പേ തീരത്തു കടല്‍ഭിത്തി നിര്‍മിച്ചിരുന്നെങ്കില്‍ വീടുകളൊന്നും കടലെടുത്തു പോകുമായിരുന്നില്ലെന്നു മുഹമ്മദ് പറയുന്നു. മുഹമ്മദിന്റെ വീട് ഇരുന്ന സ്ഥലത്ത് ഇപ്പോള്‍ അതിന്റെ പൊടി പോലുമില്ല. തെങ്ങുകള്‍ നിറഞ്ഞിരുന്ന പുരയിടം ഏറെക്കുറെ പൂര്‍ണമായും കടലായി മാറി. 60 തെങ്ങുകളില്‍ 4 എണ്ണമേ ബാക്കിയുള്ളൂ. നഷ്ടപരിഹാരം തേടി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു സര്‍ക്കാര്‍ 10 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിരുന്നെങ്കിലും 7 മാസം കഴിഞ്ഞിട്ടും പണം കിട്ടിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button