ആലപ്പുഴ: ആലപ്പുഴയിലും കൊറോണ വൈറസ് ബാധ സ്ഥിരീകിച്ചതോടെ സംസ്ഥാനം അതിജാഗ്രതയില്‍. വണ്ടാനം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്ന യുവാവിനാണ് ഇന്നലെ കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചത്. അതേസമയം യുവാവിന്റ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കുകയും ചെയ്തു. ചൈനയില്‍ നിന്നും എത്തിയ രണ്ട് പേരാണ് ചികിത്സയില്‍ ഉള്ളത്. മറ്റുള്ളവരിലേക്ക് രോഗം പടര്‍ട്ടില്ലെന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണ്.
ചൈനയിലെ വുഹാനില്‍നിന്ന് ജനുവരി 24 -നു മടങ്ങിയെത്തിയ ആലപ്പുഴസ്വദേശി 22 -കാരനായ മെഡിക്കല്‍വിദ്യാര്‍ത്ഥിക്കാണ് ഞായറാഴ്ച രോഗംസ്ഥിരീകരിച്ചത്. ചൈനയില്‍നിന്ന് മടങ്ങിവന്ന മൂന്നുവിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിയുടെ ബന്ധുവുമാണ് മെഡിക്കല്‍കോളേജ് ഐസൊലേഷന്‍ വാര്‍ഡിലുള്ളത്. ഈ വിദ്യാര്‍ത്ഥിക്കൊപ്പം ചൈനയില്‍നിന്നുവന്ന മറ്റൊരു വിദ്യാര്‍ത്ഥിക്കാണ് തൃശ്ശൂരില്‍ ആദ്യം രോഗംസ്ഥിരീകരിച്ചത്. അതേസമയം കൊറോണ വൈറസ് ബാധ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍. പെരിഞ്ഞാനം സ്വദേശിനി ഷാജിത ജമാല്‍, എസ്‌എന്‍ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്.
ഇതോടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ഇതുമായി ബന്ധപ്പെട്ട് ആറ് പേരെ കൂടി പോലീസ് നിരീക്ഷിച്ച് വരികയാണെന്നും, ഇവരെ ഉടന്‍ പിടികൂടുമെന്നും മന്ത്രി സുനില്‍ കുമാര്‍ അറിയിച്ചു.കൊറോണ വൈറസ് ബാധ സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്യുന്നത്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും സുനില്‍ കുമാര്‍ അറിയിച്ചു.
സാമൂഹ്യമാദ്ധ്യമങ്ങളെ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ല. വര്‍ഗീയ പ്രചാരണം നടത്താന്‍ ഏത് വ്യക്തി ശ്രമിച്ചാലും കര്‍ശന നടപടി സ്വീകരിക്കുമെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.സംസ്ഥാനത്ത് 1797 പേരാണ് കൊറോണ സംശയത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും സ്വമേധയാ ആരോഗ്യവകുപ്പിനെ സമീപിച്ചവരാണ്.
Post Your Comments