തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാതല ഉദ്യോഗസ്ഥരും ഡോക്ടര്‍മാരുമടങ്ങുന്ന 15 ടീമുകളെ നിയോഗിച്ചു.
മെഡിക്കല്‍ കോളേജിലും ജനറല്‍ ഹോസ്പിറ്റലിലും നിരീക്ഷണ വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പഞ്ചായത്തുതലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കാവുന്ന സാഹചര്യമുണ്ടായിരിക്കുകയും ചികിത്സ തേടാതിരിക്കുകയും ചെയ്താല്‍ പോലീസ് സഹായത്തോടെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കളക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുടങ്ങി. കണ്‍ട്രോള്‍ റൂം നമ്പര്‍ 0471 2730045, 0471 2730067. ഇവിടെ സംശയ നിവാരണത്തിനും മാര്‍ഗ നിര്‍ദ്ദേശത്തിനും 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനമുണ്ടാകും.
ജില്ലയിലെ മുന്‍കരുതല്‍ നടപടികള്‍ തൃപ്തികരമാണെന്ന് കളക്ടര്‍ വിലയിരുത്തി. എല്ലാവരുടെയും ഭാഗത്തു നിന്ന് ജാഗ്രത വേണമെന്നും ആശങ്കയുണ്ടാക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ചൈനയില്‍ നിന്ന് വരുന്നവര്‍ 28 ദിവസം നിരീക്ഷണത്തിലായിരിക്കണം. ടൂറിസം റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ചൈനയില്‍ നിന്ന് എത്തിയവരുണ്ടെങ്കില്‍ അവിടെ തന്നെ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണം. ഇക്കാര്യം ആരോഗ്യ വകുപ്പിനെയും ടൂറിസം വകുപ്പിനെയും അറിയിക്കുകയും വേണം. വിമാനത്താവളത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments