ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് എന്നീ ബൈക്കുകളുടെ കരുത്ത് കൂടിയ 500 സിസി മോഡലുകളെ പിന്‍വലിക്കുന്നതിന് മുമ്പായി, ക്ലാസിക് 500 ലിമിറ്റഡ് എഡിഷന്‍ മോഡല്‍ വിപണിയിലെത്തിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്. നിലവിലെ ബിഎസ് 4 499 സിസി യുസിഇ(യൂണിറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിന്‍) എന്‍ജിന് ആദരമര്‍പ്പിച്ച് ‘ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക്’ എന്നു പേരിലാണ് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിക്കുക.
499 സിസി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, 4 സ്‌ട്രോക്ക്, ട്വിന്‍ സ്പാര്‍ക്ക് എന്‍ജിന്‍ ഉപയോഗിക്കുന്ന അവസാന യൂണിറ്റ് മോട്ടോര്‍സൈക്കിളുകളാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്ന പേരില്‍ റോയൽ എൻഫീൽഡ് വില്‍ക്കാന്‍ തയ്യാറെടുക്കുന്നതെന്നും, എന്‍ജിന്‍ ബിഎസ് 6ലേക്ക് പരിഷ്കരിക്കില്ലെന്നുമാണ് റിപ്പോർട്ട്.
തിരുവൊട്ടിയൂര്‍ ഫാക്റ്ററിയില്‍ കൈ കൊണ്ടായിരിക്കും ലിമിറ്റഡ് എഡിഷന്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മിക്കുക. റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഡ്യുവല്‍ ടോണ്‍ ഫിനിഷുമായാകും ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന്‍ വിപണിയില്‍ എത്തുന്നത്. പൂര്‍ണമായും കറുത്ത പെയിന്റ് സ്‌കീമിലുള്ള ബൈക്കിൽ മുന്‍, പിന്‍ ഫെന്‍ഡറുകളിലും ഇന്ധന ടാങ്കിലും റിമ്മുകളിലും,സീറ്റുകളിലും ഓറഞ്ച് നിറ സാന്നിധ്യം ഉണ്ടായിരിക്കും. ഓരോ യൂണിറ്റിലും ക്ലാസിക് 500 ‘End of Build Specials’ എന്ന് എഴുതിയിട്ടുണ്ടാകും.
Also read : ജനപ്രിയ ഹാച്ച്‌ബാക്ക് മോഡലിന്റെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി
500 എണ്ണം മാത്രമായിരിക്കും വില്‍പ്പനയ്ക്ക് എത്തുക. ഫെബ്രുവരി 10 ന് ഓണ്‍ലൈനിലൂടെ വില്‍പ്പന ആരംഭിക്കും. താല്‍പ്പര്യമുള്ളവര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 50,000 രൂപ നൽകി ബൈക്ക് ബുക്ക് ചെയ്യാം. ബുക്കിങ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ബുക്കിങ് തുക തിരികെ ലഭിക്കില്ലെന്നും കമ്പനി അറിയിച്ചു. അതേസമയം ബൈക്കിന്റെ വില സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല.
Post Your Comments