
ചര്‍മ്മത്തിലെ നിറമാറ്റം, രൂപമാറ്റം എന്നിവ നിസാരമായി കാണരുത്. ചിലപ്പോള്‍ അത് സ്‌കിന്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകാം. തൊലിയിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ത്വക്കിലെ അര്‍ബുദം അഥവാ സ്‌കിന്‍ ക്യാന്‍സര്‍. സൂര്യരശ്മികളേറ്റ് തൊലി പൊട്ടുന്നതും അര്‍ബുദത്തിന് കാരണമാകും.
അതേസമയം, ത്വക്കിലെ അര്‍ബുദം നേരത്തെ തിരിച്ചറിഞ്ഞ് കൃത്യസമയത്ത് ചികിത്സ തേടണം. മെലാനോമ, കാര്‍സിനോമ, സ്‌ക്വാമസ് സെല്‍ കാര്‍സിനോമ തുടങ്ങി വ്യത്യസ്ത തരത്തിലുള്ള അര്‍ബുദങ്ങളുണ്ട്. പലപ്പോഴും ചര്‍മാര്‍ബുദത്തിന്റെ ആദ്യലക്ഷണമായി കണ്ടുവരുന്നത് ചര്‍മ്മത്തിലെ ചെറിയ നിറമാറ്റം, പാടുകള്‍, അല്ലെങ്കില്‍ വെയിലേറ്റ പോലെ കരുവാളിപ്പോ ആകാം.
ചര്‍മ്മത്തിലെ ചെറിയ നിറമാറ്റം, നീണ്ട ശമന മുറിവുകള്‍, ചര്‍മ്മത്തില്‍ വ്രണം, രക്തസ്രാവം, ത്വക്കില്‍ രൂപമാറ്റം, സമചതുര ചര്‍മ്മമേഖലകള്‍ പരിശോധിക്കുമ്പോള്‍ അവയുടെ ആകൃതി, വലിവ്, ഘടന എന്നിവയില്‍ വ്യത്യാസം, നഖങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, മുഖക്കുരു വന്നിട്ട് പോകാതിരിക്കുക, ഒരിക്കല്‍ വന്ന സ്ഥലത്തുതന്നെ വീണ്ടും വീണ്ടും മുഖക്കുരു വരുക, പെട്ടെന്ന് കാല്‍പാദത്തിലോ കൈവെള്ളയിലോ ഉണ്ടാകുന്ന മുറിവുകള്‍, ഒരിക്കലും ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ എന്തെങ്കിലും കറുത്ത പാടുകള്‍ പ്രത്യക്ഷപെടുക തുടങ്ങിയവ കണ്ടാണ് പ്രത്യേകം ശ്രദ്ധിക്കണം.
ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്‌കിന്‍ ക്യാന്‍സര്‍ പിടിപെട്ടതായി കണക്കാക്കേണ്ടതില്ല. എന്നാല്‍ ഈ ലക്ഷണങ്ങളുള്ളവര്‍ വൈദ്യസഹായം തേടുകയും ആവശ്യമായ പരിശോധനകള്‍ നടത്താനും തയ്യാറാകണം.
Post Your Comments