കൊച്ചി : കാന്‍സര്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്ത, പ്രാര്‍ഥന കാന്‍സര്‍ കെയര്‍ മെഡിസിന്‍സ് എന്ന ഫാര്‍മസിയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ. വിലയേറിയ കാന്‍സര്‍ മരുന്നുകള്‍ മൊത്തവിലയില്‍ രോഗികള്‍ക്കു ലഭ്യമാക്കുന്ന പ്രാര്‍ഥന കാന്‍സര്‍ കെയര്‍ മെഡിസിന്‍സ് എന്ന ഫാര്‍മസിക്ക് കാന്‍സര്‍ ദിനമായ 4നു തുടക്കമാകുകയാണ്. ഇടപ്പള്ളി ഗണപതി ഹോട്ടലിനു സമീപം മെട്രോ റെയില്‍ തൂണ്‍ നമ്പര്‍ 450നു സമീപമാണു ഫാര്‍മസി. കാന്‍സര്‍ ബാധിച്ച നിര്‍ധനരായ കുട്ടികള്‍ക്കു സൗജന്യ ചികിത്സ നല്‍കാന്‍ 7 വര്‍ഷമായി സന്നദ്ധപ്രവര്‍ത്തനം നടത്തുന്ന കൊച്ചിയിലെ ബട്ടര്‍ഫ്‌ലൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷനും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണു തുടക്കമിടുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ ഒരു കൂട്ടം ഡോക്ടര്‍മാരും ഗവേഷകരും ചേര്‍ന്നു 2013ല്‍ തുടക്കമിട്ട കാരുണ്യപ്രസ്ഥാനമാണു ബട്ടര്‍ഫ്‌ലൈ കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികളില്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തി ചികിത്സ നല്‍കുകയാണു ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം. പാവപ്പെട്ട കുടുംബങ്ങളില്‍ കാന്‍സര്‍ ചികിത്സയില്‍ കഴിയുന്ന മിടുക്കരായ കുട്ടികള്‍ക്കു വിദ്യാഭ്യാസ സഹായവും നല്‍കും. കാന്‍സര്‍ ബാധിച്ച് ഒറ്റപ്പെട്ട സ്ത്രീകളുടെ ശാക്തീകരണത്തിനും സഹായിക്കുന്നു.
എല്ലാത്തരം കാന്‍സര്‍ മരുന്നുകളും അനുബന്ധ മരുന്നുകളും സാന്ത്വന ചികിത്സാ മരുന്നുകളും ഉയര്‍ന്ന വിലക്കിഴിവില്‍ ഇവിടെ നിന്നും ലഭിയ്ക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒറിജിനല്‍ കുറിപ്പടിയോടെ വന്നാല്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ രാത്രി 7 വരെ മരുന്നുകള്‍ ലഭിക്കും.
മരുന്നുകളുടെ ലഭ്യത മുന്‍കൂട്ടി ഫോണ്‍വഴിയോ വാട്‌സാപ് സന്ദേശം വഴിയോ ഉറപ്പാക്കാം. സ്റ്റോക്കില്ലാത്തവ 24 മുതല്‍ 48 വരെ മണിക്കൂറിനകം ലഭ്യമാക്കും.
ഉല്‍പാദകരില്‍നിന്നോ മൊത്ത വിതരണക്കാരില്‍നിന്നോ മരുന്നു കുറഞ്ഞ നിരക്കില്‍ നേരിട്ടു വാങ്ങിയാണ് ഈ ഫാര്‍മസി പ്രവര്‍ത്തിക്കുക. ഈ വിലയേക്കാള്‍ 2 ശതമാനം കൂടുതല്‍ മാത്രമേ രോഗി നല്‍കേണ്ടിവരൂ.
കടപ്പാട് : മലയാള മനോരമ
Post Your Comments