ന്യൂഡല്‍ഹി: ദില്ലിയിലെ ജാമിയ മില്ലിയ യൂണിവേഴ്സിറ്റിക്ക് സമീപം വ്യാഴാഴ്ച പൗരത്വ വിരുദ്ധ ഭേദഗതി നിയമ പ്രക്ഷോഭകര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന് തോക്കും രണ്ട് വെടിയുണ്ടകളും ലഭിച്ചത് ഉത്തര്‍പ്രദേശ് സ്വദേശിയില്‍ നിന്നെന്ന് പൊലീസ്. 10000 രൂപ മുടക്കിയാണ് 17കാരന് തോക്കും വെടിയുണ്ടയും വാങ്ങിയത്. തോക്ക് നല്കിയവരെയും തിരിച്ചറിഞ്ഞതിനാല്‍ അനുയോജ്യമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനാണെന്നാണ് ഇയാള്‍ തോക്ക് നല്കിയ ആളോട് പറഞ്ഞത്. ഇയാള്‍ 17കാരന് തോക്കിനൊപ്പം രണ്ട് വെടിയുണ്ടകളും നല്കി. ഒരു തവണ മാത്രമാണ് ഇയാള്‍ വെടിയുതിര്‍ത്തത്. ബാക്കി വന്ന ഒരു വെടിയുണ്ട 17കാരനില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്കിയ അവസാന ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് മനസ്സിലാക്കിയാണ് നടപടിയെന്ന് വ്യക്തമാകുന്നു. ”എന്റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക” എന്ന് അയാള്‍ പറയുന്നു. ‘ഷഹീന് ബാഘ് ഗെയിം അവസാനിക്കുന്നു’ എന്നും മറ്റൊരു പോസ്റ്റില്‍ ഭീഷണിമുഴക്കുന്നുമുണ്ട്.
പതിനേഴുകാരന്റെ വെടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മാധ്യമപ്രവര്‍ത്തകരും പൊലീസും നേക്കി നില്‍ക്കെയായിരുന്നു വെടിവയ്പ്പ്. കയ്യില്‍ ചോരയൊലിച്ച് നിന്ന ഷദാബിനെ ഉടന്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ദില്ലി എയിംസ് ആശുപത്രിയില്‍ എത്തിച്ചു.
Post Your Comments