ന്യൂഡല്‍ഹി : ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പൗരത്വ വിരുദ്ധ സമരത്തിന് നേരെ വെടിയുതിര്‍ത്ത സംഭവം, തെറ്റായ വാര്‍ത്ത നല്‍കിയ റിപ്പബ്ലിക്ക് ചാനലിനെതിരെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി രംഗത്ത്. ”കഴിഞ്ഞ കുറേ മണിക്കൂറുകളായി ജാമിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇത് പൂര്‍ണമായും വ്യാജ വാര്‍ത്തയാണ് എന്ന് തനിക്ക് പറയാനാവും. പരിഷ്‌കൃത ജനാധിപത്യരാജ്യങ്ങളില്‍ ഈ ചാനലിനെ ആറ് മാസത്തേക്ക് എങ്കിലും നിരോധിക്കാന്‍ ഈയൊരു വ്യാജ വാര്‍ത്ത ധാരാളമാണ്. പത്തരമാറ്റ് വിഷം” എന്നാണ് സര്‍ദേശായി ട്വീറ്റ് ചെയ്തിരിക്കുന്നത്.
ജാമിയയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിലേക്ക് കടന്ന് കയറി പ്ലസ് ടു വിദ്യാര്‍ത്ഥിയായ അക്രമിയാണ് കഴിഞ്ഞ ദിവസം വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് ബജ്റംഗ്ദള്‍ ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പബ്ലിക് ടിവി ഇതേക്കുറിച്ച് വാര്‍ത്ത നല്‍കിയത് ജാമിയ പ്രക്ഷോഭകര്‍ തോക്കുപയോഗിച്ചുവെന്നും അക്രമാസക്തരായി എന്നുമാണ്.
റിപ്പബ്ലിക് ചാനല്‍ നല്‍കിയ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും രാജ്ദീപ് സര്‍ദേശായി പങ്കുവെച്ചിട്ടുണ്ട്. റിപ്പബ്ലിക് ടിവിക്കെതിരെ സോഷ്യല്‍ മീഡിയ വലിയ വിമര്‍ശനം ഉയര്‍ത്തുകയാണ്. BanRepublicTv ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പ്രതിഷേധം ശക്തമായതോടെ സംഭവത്തില്‍ അര്‍ണബ് ഗോസ്വാമി ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നു. തുടക്കത്തില്‍ പ്രക്ഷോഭകരാണ് തോക്കുപയോഗിച്ചത് എന്നാണ് എല്ലാവരും കരുതിയെന്നും എന്നാല്‍ പിന്നീട് തെറ്റ് മനസ്സിലായപ്പോള്‍ തിരുത്തിയെന്നുമാണ് അര്‍ണബ് വിശദീകരിച്ചത്.
Post Your Comments