ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 20 കുട്ടികളെ ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ വെടിവെച്ചു കൊന്നു. കൊലക്കേസ് പ്രതിയായ സുഭാഷ് ബദ്ദാമാണ് ഗ്രാമത്തിലെ കുട്ടികളെ വീട്ടില്‍ വിളിച്ചുവരുത്തി ബന്ദികളാക്കിയത്. ഇയാളുടെ സ്വന്തം മകളും ഭാര്യയും ബന്ദികളാക്കപ്പെട്ടവരിലുണ്ടെന്നാണ് വിവരം. കുട്ടികളെ മോചിപ്പിക്കാനുള്ള പോലീസിന്റെ ശ്രമത്തിനിടെ ഇയാള്‍ വെടിയുതിര്‍ക്കുകയും ബോംബെറിയുകയും ചെയ്തു.
ഉത്തര്‍പ്രദേശിലെ ഫറൂഖാബാദിലായിരുന്നു സംഭവം. കൊലക്കേസ് പ്രതി വീടിനുള്ളില്‍ ബന്ദികളാക്കിയ എല്ലാവരെയും മോചിപ്പിച്ചു. പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു. മകളുടെ പിറന്നാള്‍ ആഘോഷത്തിനെന്ന പേരില്‍ സുഭാഷ് ഗ്രാമത്തിലെ കുട്ടികളെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും കുട്ടികള്‍ അകത്ത് എത്തിയതിനു പിന്നാലെ തോക്ക് ചൂണ്ടി ഇവരെ ബന്ദികളാക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു.
ഭീകരവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും പോലീസും ചേര്‍ന്നാണ് കുട്ടികളെ രക്ഷിച്ചത്. എല്ലാ കുട്ടികളെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും കുട്ടികളെ ബന്ദിയാക്കിയ സുഭാഷ് നടപടിക്കിടെ കൊല്ലപ്പെട്ടുവെന്നും ഉത്തര്‍ പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനീഷ് കുമാര്‍ അവസ്തി അറിയിച്ചു.
ALSO READ: ഭാര്യയെയും 20 കുട്ടികളെ ബന്ദികളാക്കി കൊലക്കേസ് പ്രതി; വെടിവെപ്പ്, കമാന്‍ഡോ നടപടി
കുട്ടികള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് അയല്‍ക്കാരില്‍ ചിലര്‍ വാതിലില്‍ മുട്ടിയപ്പോളാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസുകാര്‍ക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പത്തുലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ നടപടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദന പത്രം നല്‍കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
Post Your Comments