ജനീവ: ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ചൈനയ്ക്കു പുറത്തേക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു.
അപൂര്‍വമായ സാഹചര്യങ്ങളിലാണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാറുള്ളത്. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നത് തടയാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കേരളത്തിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ പുതുതായി 247 പേരുള്‍പ്പെടെ ഇതുവരെ ആകെ 1053 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. അതില്‍ 15 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വ്യാഴാഴ്ച ഏഴ് പേര്‍ അഡ്മിറ്റായി. 1038 പേര്‍ വീട്ടിലെ നിരീക്ഷണത്തിലാണ്.
24 പേരുടെ സാംപിളുകള്‍ പരിശോധനയ്ക്കായി പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 15 പേര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ബാക്കിയുള്ള ഫലം വരാനുണ്ട്. പുണെ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ച സാംപിളിന്റെ പ്രാഥമിക ഫലത്തിലാണ് വിദ്യാർഥിയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. രണ്ടാമത്തെ ഫലം കൂടി വരാനുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Post Your Comments