തൃശൂര്‍/തിരുവനന്തപുരം : ലോകത്തെ വിറപ്പിച്ച് പടരുന്ന കൊറോണ വൈറസ് ഇന്ത്യയിലാദ്യമായി തൃശൂരില്‍ സ്ഥിരീകരിച്ചു. ചൈനയില്‍നിന്നു മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില ആശങ്കാജനകമല്ലെന്ന് ആരോഗ്യവകുപ്പ്.സംസ്ഥാനത്താകെ 1053 പേര് നിരീക്ഷണത്തിലുണ്ട്. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് 20 രക്ത സാമ്പിളുകള്‍ അയച്ചതില്‍ 11 എണ്ണത്തിന്റെ ഫലമറിഞ്ഞപ്പോഴാണ് ഒരാളില്‍ രോഗം സ്ഥിരീകരിച്ചത്.
പത്തെണ്ണം നെഗറ്റീവാണ്. ആറെണ്ണത്തിന്റെ പ്രാഥമികഫലം വിശദപരിശോധനയ്ക്കായി മാറ്റിവച്ചു. കേന്ദ്ര, സംസ്ഥാന വിദഗ്ധസംഘം ഉടന്‍ തൃശൂരിലെത്തും. ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഇന്നലെ രാത്രി ഗവ. മെഡിക്കല്‍ കോളജിലെ പ്രത്യേക വാര്‍ഡിലേക്കു മാറ്റി. വുഹാന്‍ സര്‍വകലാശാലയില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി കഴിഞ്ഞ 26-നാണ് ചികിത്സ തേടിയത്. ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതോടെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. പുനെയില്‍ നടത്തിയ പ്രാഥമികപരിശോധനയുടെ ഫലമാണു ലഭിച്ചത്.
രണ്ടാമത്തെ സാമ്പിളിന്റെ ഫലം വരാനുണ്ട്. വിദ്യാര്‍ഥിനി സംസാരിക്കുന്നുണ്ടെന്നു ഡോക്ടര്‍മാര്‍ അറിയിച്ചതായി ആശുപത്രി സന്ദര്‍ശിച്ച ടി.എന്‍. പ്രതാപന് എം.പി. പറഞ്ഞു. അതേസമയം ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോളതലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയ്ക്കു പുറത്തേയ്ക്കും വൈറസ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് ലോകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് ജനീവയില്‍ പറഞ്ഞു. ഇതിനിടെ ചൈനയില്‍ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213 ആയി.
ലോകത്താകമാനമായി 9700 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ബഹുഭൂരിപക്ഷവും ചൈനയിലാണ്. ചൈനക്ക് പുറത്ത് 20 രാജ്യങ്ങളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സ്ഥിരീകരിച്ചത് ഇന്ത്യയിലും ഫിലിപ്പിന്‍സിലുമാണ്. ലോക ആരോഗ്യ സംഘടനയും രോഗം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി. സ്ഥിതി ഗൗരവതരമാണെന്നും ആരോഗ്യ അടിയന്തരാവസ്ഥ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ അംഗരാജ്യങ്ങളിലേയ്ക്കെല്ലാം നോട്ടീസ് നല്‍കുമെന്നും ലാകാരോഗ്യ സംഘടന തലവന്‍ ടഡ്രോസ് അദാനം ഗബ്രിയേസസ് പറഞ്ഞു.
രാജ്യാതിര്‍ത്തികള്‍ അടയ്ക്കുന്നതും വിമാനങ്ങള്‍ റദ്ദാക്കുന്നതും അടക്കമുള്ള കാര്യങ്ങളില്‍ അതാത് രാജ്യങ്ങള്‍ക്ക് തീരുമാനമെടുക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാനസര്‍വ്വീസുകള്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും ഡബ്ല്യു. എച്ച്. ഒ. വ്യക്തമാക്കിയിട്ടുണ്ട്.ചൈനയിലെ അവസ്ഥ എന്ത് എന്നതിനേക്കാള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വൈറസ് ബാധ പടരുന്നു എന്ന വസ്തുതയാണ് പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വൈറസ് ബാധ നിയന്ത്രിക്കാന്‍ ചൈന ആവശ്യമായ നടപടികള്‍ കൈക്കൊണ്ടുവരുന്നുണ്ട്. എന്നാല്‍, ദുര്‍ബലമായ ആരോഗ്യ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളിലേയ്ക്ക് വൈറസ് പടരുന്നത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം ചൈനയ്ക്ക് പുറത്ത് ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വൈറസ് വ്യാപനം തടയുന്നതിന് എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സഹായം ആവശ്യമുള്ളിടങ്ങളില്‍ സാധ്യമായ എല്ലാ സഹായങ്ങളും എത്തിക്കാന്‍ ലോകാരോഗ്യ സംഘടന സന്നദ്ധമാണെന്നും ലോകാരോഗ്യ സംഘടന തലവന്‍ വ്യക്തമാക്കി.
Post Your Comments