KeralaLatest NewsIndiaEntertainment

ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും നടി കണ്ണീരോടെ വിവരിച്ചപ്പോള്‍ കോടതിയിലെ അടച്ചിട്ട മുറിയിൽ നിശബ്ദത, ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് 13 അഭിഭാഷകര്‍; സാക്ഷിവിസ്താരം തുടങ്ങി

തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല.

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ സാക്ഷിവിസ്താരം തുടങ്ങി. നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി (സുനില്‍കുമാര്‍) എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും വ്യാഴാഴ്ച കോടതിയില്‍ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയാണ് വ്യാഴാഴ്ച നടന്നത്. ഇവരുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിനായി അടച്ചിട്ട മുറിയിലായിരുന്നു സാക്ഷിവിസ്താരം. കേസിലെ മുഖ്യസാക്ഷികൂടിയാണ് ഇവര്‍. വിചാരണ അടുത്തദിവസവും തുടരും. 2017 ഫെബ്രുവരി 17 -ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം.

വനിതാ ഇന്‍സ്പെക്ടര്‍ രാധാമണി പീഡനത്തിനിരയായ നടിയുടെ മൊഴി പിറ്റേന്ന് രേഖപ്പെടുത്തിയിരുന്നു. ഇത് കോടതി തെളിവായി സ്വീകരിച്ചു.രാവിലെ 11നു സാക്ഷിവിസ്താരം ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് ഒന്നാം സാക്ഷിയായ നടി കോടതി പരിസരത്തെത്തി. ഭര്‍ത്താവുമൊന്നിച്ചു കാറിലെത്തിയ നടി കോടതി അങ്കണത്തിലെ മറ്റൊരു മുറിയില്‍ കാത്തിരുന്നു. എട്ടാം പ്രതിയായ നടന്‍ ദിലീപ് 10.55 നാണ് എത്തിയത്.നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുപുറമേ ഒന്നാം സാക്ഷിയുടെ ചിത്രം പ്രസിദ്ധീകരിക്കുന്നതിനും മാധ്യമങ്ങള്‍ക്കു വിലക്കുണ്ട്.

നടിയുടെ വെളിപ്പെടുത്തലുകള്‍ കേട്ടു കോടതി നിശബ്ദമായി. താന്‍ ആക്രമിക്കപ്പെട്ടതും രക്ഷപ്പെടാന്‍ ശ്രമിച്ച വഴികളും കണ്ണീരോടെയാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുമ്പാകെ നടി വിവരിച്ചത്. പ്രോസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി 2017 ഫെബ്രുവരി 17നു രാത്രിയുണ്ടായ തിക്താനുഭവങ്ങള്‍ ഒന്നൊന്നായി നടി വിവരിച്ചു.പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണയ്ക്കുശേഷം പ്രതിഭാഗത്തിന്റെ എതിര്‍വിസ്താരം നടക്കും. മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന മറ്റുപ്രതികള്‍.

ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കേസില്‍ ദിലീപിനുവേണ്ടി കോടതിയില്‍ ഹാജരായത് 13 അഭിഭാഷകര്‍. പത്തുപ്രതികള്‍ക്കുവേണ്ടി ആകെ 31 അഭിഭാഷകര്‍ കോടതിയിലെത്തി. ഇരയ്ക്ക് സമാധാനപൂര്‍ണമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പിക്കുന്നതിനാണ് അടച്ചിട്ട മുറിയില്‍ വിചാരണ. അടച്ചിട്ടമുറിയിലേക്ക് ജഡ്ജി, പ്രോസിക്യൂട്ടര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍, അഭിഭാഷകന്‍, പ്രതികള്‍, കോടതി സ്റ്റാഫ് തുടങ്ങിയവരെയാണ് പ്രവേശിപ്പിക്കുക.

നടിയെ ആക്രമിച്ച്‌ പ്രതികള്‍ പകര്‍ത്തിയ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ വെള്ളിയാഴ്ച കോടതി പരിശോധിച്ചേക്കും. തികച്ചും സുരക്ഷിതമെന്ന് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോടതിമുറിയിലേക്ക് മൊബൈല്‍ ഫോണുകള്‍ അനുവദിക്കില്ല. ദേഹപരിശോധന നടത്തിയശേഷമാകും പ്രവേശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button