KeralaLatest NewsIndia

സന്ദീപ് വാര്യരോട് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞ വാര്‍ത്ത അവതാരകന്‍ വേണുവിനെതിരെ കനത്ത പ്രതിഷേധവും ബഹിഷ്കരണവും; ഒടുവിൽ മാപ്പു പറഞ്ഞ് വേണു

ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ തന്നോട് മാന്യമായി പെരുമാറണമെന്നും, വേണു വാക്കുകള്‍ പിന്‍വലിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

ചാനല്‍ ചര്‍ച്ചയില്‍ നിന്ന് ബി.ജെ.പി പ്രതിനിധി സന്ദീപ് വാര്യരോട് ഇറങ്ങി പോകാന്‍ പറഞ്ഞതില്‍ മാപ്പുപറഞ്ഞ് മാതൃഭൂമി വാര്‍ത്താ അവതാരകന്‍ വേണു ബാലകൃഷ്ണന്‍.ചാനല്‍ ചര്‍ച്ചക്കിടെ യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യരോട് മാപ്പ് പറഞ്ഞ് മാതൃഭൂമി അവതാരകന്‍ വേണു ബാലകൃഷ്ണന്‍. ഇന്ന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ആണ് വേണു തന്റെ പെരുമാറ്റത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി അറിയിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും വേണു പറഞ്ഞു.

ഇന്നലെ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് വേണു സന്ദീപ് വാര്യരോട് മോശമായി പെരുമാറിയത്. ഇതിന് പിറകെ സന്ദീപ് വാര്യര്‍ ചര്‍ച്ച ബഹിഷ്ക്കരിച്ചിരുന്നു. വലിയ പ്രതിഷേധമാണ് വേണുവിനെതിരെ ഉയര്‍ന്നത്. ഇതിന് പിറകെയാണ് സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി വേണു അറിയിച്ചത്.’ബി.ജെ.പിയുടെ പ്രതിനിധിയായി പങ്കെടുത്തത് സന്ദീപ് വാര്യരാണ്. അദ്ദേഹത്തോട് അപമര്യാദയായി പെരുമാറി എന്നൊരു പരാതിയുണ്ട്. അതിഥികളോട് അപമര്യാദയായി പെരുമാറുന്നത് ശരിയല്ല. അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. മേലില്‍ ഇത്തരം വീഴ്ചകള്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കും’ എന്നാണ് അവതാരകന്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിന്റെ പ്രൈം ടൈം ചര്‍ച്ചയില്‍ നിന്നാണ് സന്ദീപ് വാര്യരോട് ഇറങ്ങി പോകാന്‍ അവതാരകന്‍ വേണു ബാലകൃഷ്ണന്‍ അവശ്യപ്പെട്ടത്.എല്‍.ഡി.എഫിന്റെ മനുഷ്യമഹാ ശൃംഖലയില്‍ പങ്കെടുത്ത ലീഗ് നേതാവിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു സംഭവം. തനിക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ല എന്ന് ചൂണ്ടിക്കാട്ടിയ സന്ദീപ് വാര്യരോട് സൗകര്യമുണ്ടെങ്കില്‍ ഇരുന്നാല്‍ മതിയെന്നായിരുന്നു വേണുവിന്റെ പ്രതികരണം.

ചര്‍ച്ചക്കിടെ ഇടവേളയിലേക്ക് പോകണമെന്ന് പറഞ്ഞ അവതാരകനോട് ഇടവേളയാണ് നല്ലത് നിങ്ങള്‍ക്ക് എന്ന് സന്ദീപ് പറയുകയായിരുന്നു. തുടര്‍ന്ന് മാന്യമായി സംസാരിക്കണമെന്നും അല്ലെങ്കില്‍ ഇപ്പോള്‍ ഇറങ്ങിപോകണമെന്നും വേണു ആവശ്യപ്പെടുകയായിരുന്നു. ‘സന്ദീപേ മാന്യമായി സംസാരിക്കണം, കേട്ടല്ലോ അല്ലെങ്കില്‍ ഇപ്പോള്‍ ഇറങ്ങിപോകണം. അങ്ങയിലേക്ക് വരാം സൗകര്യമുണ്ടെങ്കില്‍ ഇരിക്കു’ എന്നായിരുന്നു വേണു പറഞ്ഞത്.

തുടര്‍ന്ന് ഇടവേളക്ക് ശേഷം ചര്‍ച്ചയില്‍ പങ്കെടുത്ത എ.എ റഹിമിനോട് അവതാരകന്‍ ചോദ്യം ചേദിക്കാന്‍ തുടങ്ങുന്നതിനിടെ വേണു നടത്തിയ പ്രസ്താവന പിന്‍വലിക്കണമെന്നും കുറെ ദിവസങ്ങളായി നടത്തുന്ന ചര്‍ച്ചയില്‍ തന്നോട് മാന്യമല്ലാത്ത രീതിയിലാണ് പെരുമാറുന്നതെന്നും സന്ദീപ് വാര്യര്‍ പറയുകയായിരുന്നു. ഇതിന് പിന്നാലെ ക്ഷണിച്ചു വരുത്തിയ തന്നോട് മാന്യമായി പെരുമാറണമെന്നും, വേണു വാക്കുകള്‍ പിന്‍വലിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഒരു വാക്ക് പോലും പിന്‍വലിക്കില്ല എന്നായിരുന്നു വേണുവിന്റെ ധാര്‍ഷ്ട്യത്തോടെയുള്ള മറുപടി. ഒരു വാക്കും പിന്‍വലിക്കില്ലെന്ന് വേണു പറഞ്ഞതോടെ ‘വേണു തന്നെ ചര്‍ച്ച നടത്തിക്കോളു’ എന്ന് പറഞ്ഞ ശേഷം സന്ദീപ് വാര്യര്‍ ഇറങ്ങി പോകുകയായിരുന്നു.കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയ്ക്കിടെ വേണുവിന്റെ വിവേചനപരമായ നിലപാട് സന്ദീപ് വാര്യര്‍ പൊളിച്ചടുക്കിയിരുന്നു. ഇതിന് പകരമായി ചര്‍ച്ചയില്‍ സന്ദീപിനെതിരെ ഡിവൈഎഫ്‌ഐ നേതാവ് റഹീമിനൊപ്പം ചേര്‍ന്ന് ധാര്‍മ്മികതയില്ലാത്ത നിലപാട് വേണുവെടുത്തുവെന്നാണ് വിലയിരുത്തല്‍. ചര്‍ച്ച ബഹിഷ്‌ക്കരിക്കും മുമ്പ് ഇക്കാര്യം സന്ദീപ് വാര്യരും ചൂണ്ടിക്കാട്ടിയിരുന്നു.

സന്ദീപ വാര്യരെ ചാനല്‍ ചര്‍ച്ചയില്‍ ക്ഷണിച്ച്‌ വരുത്തി അപമാനിച്ചുവെന്നാരോപിച്ച്‌ മാതൃഭൂമി ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അവതാരകന്‍ വേണു ബാലകൃഷ്ണനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പേജില്‍ ഉയര്‍ന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ പണം കൈപറ്റിയാണ് മാതൃഭൂമി അവതാരകന്‍ ചര്‍ച്ച നടത്തുന്നതെന്നാണ് ചിലര്‍ ആരോപണമുന്നയിച്ചത്.

സന്ദീപ് വാര്യരോട് അവതാരകന്‍ ചെയ്തത് മാധ്യമ ധാര്‍മ്മികതയ്ക്ക് നിരക്കാത്ത കാര്യമാണെന്നും ചിലര്‍ വ്യക്തമാക്കുന്നു. ഇടത് സഹയാത്രികനായ വേണു സിപിഎമ്മിന് വേണ്ടി കുഴലൂത്തു നടത്തുകയാണ്. ഇത്തരം ചര്‍ച്ചയില്‍ നിന്ന് തന്റെ പ്രതിഷേധം അറിയിച്ച്‌ ഇറങ്ങി പോയ സന്ദീപ് വാര്യര്‍ ചുണക്കുട്ടിയാണ്. മാതൃഭൂമി ചര്‍ച്ചകളില്‍ ബിജെപി നേതാക്കളാരും പങ്കെടുക്കരുത് തുടങ്ങിയ കമന്റുകളും പേജില്‍ നിറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button