കല്‍പറ്റ: ഇന്ത്യക്കാര്‍ ആരാണെന്ന് നിശ്ചയിക്കാന്‍ മോദിക്ക് എന്താണ് അധികാരം, പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. കല്‍പറ്റയില്‍ ഭരണഘടനാ സംരക്ഷണ മാര്‍ച്ചിനു ശേഷം നടന്ന പൊതുസമ്മേളനത്തിലാണ് പ്രധാനമന്ത്രിയെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചത്.
ഗോഡ്‌സേയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒരേ ആശയത്തിന്റെ വക്താക്കളാണെന്നും എന്നാല്‍ മോദി അതു തുറന്നു പറയുന്നില്ലെന്നും രാഹുല്‍ പരിഹസിച്ചു. കള്ളനും ഭീരുവുമായ ഗോഡ്‌സെയ്ക്ക് ഗാന്ധിജിയുടെ മുഖത്തേക്കു നോക്കാന്‍ കഴിഞ്ഞിരുന്നില്ല. മോദിക്കും അതിനു കഴിയില്ല. രണ്ടു പേരും തമ്മില്‍ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരോട് പൗരത്വം തെളിയിക്കാന്‍ പറയാന്‍ ആരാണ് മോദിക്ക് ലൈസന്‍സ് കൊടുത്തത്. ഞാന്‍ ഒരു ഇന്ത്യക്കാരനാണ്. എനിക്ക് അത് ആരുടെ മുന്‍പിലും തെളിയിക്കേണ്ട ആവശ്യമില്ല. ഇന്ത്യയെ വിഭജിക്കുക, ഇന്ത്യയെ നശിപ്പിക്കുക, ഇന്ത്യയെ കൊള്ളയടിക്കുക എന്നതു മാത്രമാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അദാനിക്ക് ഇന്ത്യയെ വിറ്റു തുലയ്ക്കുകയാണ് മോദി ചെയുന്നത്. രാജ്യത്തെ തുറുമുഖങ്ങളും വിമാനത്താവളങ്ങളും മോദി അദാനിക്ക് വിറ്റു. ഇനി റെയില്‍വേ വില്‍ക്കാന്‍ പോകുന്നു. മറ്റു പൊതുമേഖലാ സ്ഥാപനങ്ങളും ഒരോന്നായി മോദി വിറ്റു തീര്‍ക്കുകയാണ്. പാക്കിസ്ഥാന്‍ പാക്കിസ്ഥാന്‍ എന്ന് ആക്രോശിച്ചാല്‍ ഇന്ത്യയിലെ യുവാക്കള്‍ക്ക് ജോലി കിട്ടില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
കല്‍പ്പറ്റ എസ്‌കെഎംജെ ഹൈസ്‌കൂളില്‍നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഐഎസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ.പി. അനില്‍ കുമാര്‍,പിസി വിഷ്ണുനാഥ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments