ഹൈദരാബാദ്: തെലങ്കാനയിലെ ആസിഫാബാദില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്കും വധശിക്ഷയും 26,000 രൂപ പിഴയും കോടതി വിധിച്ചു. സംഭവം നടന്ന് 66 ദിവസത്തിനുളളിലാണ് അദീലബാദിലെ പ്രത്യേക അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
കൊല ചെയ്ത് ഒരു ദിവസം കഴിഞ്ഞ് 2019 നവംബര്‍ 25 ന് കുമ്രാം ഭീം-ആസിഫാബാദ് ജില്ലയിലെ ലിംഗാപൂര്‍ മണ്ഡലത്തില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ 30 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. നവംബര്‍ 27 നാണ് ഷെയ്ക്ക് ബാബു, ഷെയ്ക്ക് ഷാബുദ്ദീന്‍, ഷെയ്ക്ക് മുര്‍ദൂം എന്നീ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
തുടര്‍ന്ന് പട്ടികജാതി, പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന് പുറമെ 376 (ഡി) (കൂട്ട ബലാത്സംഗം), 302 (കൊലപാതകം) എന്നിവയുള്‍പ്പെടെ ഐപിസി വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം രമണ റെഡ്ഡി പറഞ്ഞു. എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി പിന്നീട് വധശിക്ഷ വിധിക്കുകയായിരുന്നു. കൊലചെയ്യപ്പെട്ട യുവതി ഒരു കച്ചവടക്കാരിയായിരുന്നു, ഉപജീവനത്തിനായി ബലൂണുകള്‍ വില്‍ക്കലായിരുന്നു ജോലി.
‘ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നീതി നടപ്പാക്കിയിട്ടുണ്ട്, അവരെ ഉടന്‍ തൂക്കിക്കൊല്ലണമെന്ന് ഞങ്ങള്‍ കോടതിയോട് അഭ്യര്‍ത്ഥിക്കുന്നു എന്ന് വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. 2019 ഡിസംബര്‍ 14 ന് കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ ഡിസംബര്‍ 23 ന് ആരംഭിക്കുകയും ചെയ്തു. ജനുവരി 20 ന് വാദം പൂര്‍ത്തിയായി കേസ് പിന്നീട് വിധിന്യായത്തിനായി മാറ്റിവെക്കുകയായിരുന്നു.
വിവാദമായ ദിശ കൊലപാതകത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു കൊലപാതകം. നേരത്തെ കൊലപാതകക്കേസില്‍ പ്രതികളായ നാലുപേരുടെ അതേ മാതൃകയില്‍ മൂന്ന് പേര്‍ക്കും ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Post Your Comments