ന്യൂഡല്‍ഹി: ഡല്‍ഹി തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനിടെ നേതാക്കളുടെ വാക്കുകള്‍ അതിര് കടക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടലുകള്‍ കണക്കാതെയാണ് ബിജെപി എംപി പര്‍വേശ് വര്‍മ വീണ്ടും വിദ്വേഷ പ്രസംഗവുമായി രംഗത്തെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ തീവ്രവാദിയാണെന്നാണ് ഇത്തവണ പര്‍വേശ് വര്‍മ്മ പറഞ്ഞത്. കഴിഞ്ഞ ദിവസം പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയും വിവാദ പരാമര്‍ശം നടത്തിയിരുന്നു.
കെജ്രിവാള്‍ വിജയിച്ചാല്‍ മദിപൂരിലെ റോഡുകള്‍ ഷഹീന്‍ ബാഗായി മാറും. നട്വര്‍ലാലും കെജ്രിവാളിനെപ്പോലുള്ള തീവ്രവാദികളും ദില്ലിയില്‍ ഒളിച്ചിരിക്കുന്നു, അവരെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. പാക്കിസ്ഥാനിലെ തീവ്രവാദികളുമായി കശ്മീരില്‍ യുദ്ധം ചെയ്യുന്നതുപോലെയാണ് കെജ്‌രിവാളിനെപോലുള്ള തീവ്രവാദികളോടുള്ള യുദ്ധമെന്നായിരുന്നു ബിജെപി എംപിയുടെ വാക്കുകള്‍. കെജ്‌രിവാള്‍ ഷഹീന്‍ ബാഗിലേക്ക് ഒരിക്കല്‍ കൂടി വന്നാല്‍ ജനങ്ങള്‍ തെരുവിലൂടെ നടത്തിക്കുമെന്നും കശ്മീരി പണ്ഡിറ്റുകള്‍ക്ക് 1990 ല്‍ കശ്മീരില്‍ സംഭവിച്ചതിന് സമാനമായ അവസ്ഥയാകുമതെന്നും പര്‍വേശ് പ്രസംഗിച്ചു.
നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയതിന്റെ പേരില്‍ പര്‍വേശിനെതിരെ കമ്മീഷന്‍ നടപടിയെടുത്തിരുന്നു. ഷെഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ മറ്റുള്ളവരുടെ വീടുകളില്‍ കയറി പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്നായിരുന്നു അന്ന് പര്‍വേശ് പറഞ്ഞത്.
Post Your Comments