ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ക്ക് ഊര്‍ജം നല്‍കി മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബയുടെ തിരിച്ചുവരവ് വാര്‍ത്ത. ജനുവരി തുടക്കത്തില്‍ കണങ്കാല്‍ ശസ്ത്രക്രിയ നടത്തി വിശ്രമത്തിലായിരുന്ന പോഗ്ബ കാലിലെ പ്ലാസ്റ്റര്‍ അഴിച്ചെന്ന വാര്‍ത്തയാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. സീസണിന്റെ തുടക്കം മുതല്‍ പോഗ്ബയെ പരിക്ക് വേട്ടയാടിയിരുന്നു.പരിക്ക് ഭേദമായി സീസണിന്റെ പകുതിയില്‍ തിരിച്ചെത്തിയെങ്കിലും വീണ്ടും പരിക്ക് പിടികൂടുകയായിരുന്നു. ഉടന്‍തന്നെ അദ്ദേഹം പരിശീലനം ആരംഭിക്കുമെന്നാണ് വിവരം.
പരിക്ക് മൂലം 2019-20 ല്‍ റെഡ് ഡെവിള്‍സിനായി എട്ട് മത്സരങ്ങള്‍ മാത്രമേ പോഗ്ബയ്ക്ക് കളിക്കാന്‍ സാധിച്ചുള്ളൂ. പോഗ്ബയുടെ തിരിച്ചുവരവ് വാര്‍ത്ത യുണൈറ്റഡ് കോച്ച് സോള്‍ഷെയറും സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ കഠിന പരിശീലനം അനിവാര്യമാണെന്ന് സോള്‍ഷെയര്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫെബ്രുവരി 16ന് നടക്കുന്ന ചെല്‍സിക്കെതിരായ മത്സരത്തിലൂടെ പോഗ്ബ തിരിച്ചെത്തുമെന്നാണറിയുന്നത്. നിലവില്‍ പ്രീമിയര്‍ ലീഗിലെ നേതാക്കളായ ലിവര്‍പൂളിന് 33 പോയിന്റ് പിന്നിലാണ്. ഈ ഒരു സാഹചര്യത്തില്‍ പോഗ്ബയുടെ തിരിച്ചുവരവ് യുണൈറ്റഡിന് വലിയ ആശ്വാസമാകും. 24 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.
Post Your Comments