ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ പെർഫോമൻസ് പതിപ്പായ ബലേനോ ആര്‍എസിനെ പിൻവലിക്കാൻ മാരുതി സുസുക്കി തയ്യറെടുക്കുന്നതായി റിപ്പോർട്ട്. ബലേനോയ്ക്ക് കിട്ടുന്ന സ്വീകാര്യത പെര്‍ഫോമന്‍സ് മോഡലിന് ലഭിക്കാത്തതാണ് ഇതിനു കാരണമെന്നാണ് സൂചന. ഈ വർഷം ഏപ്രിലിൽ നിലവിൽ വരുന്ന ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് ബലേനോ ആർഎസ്സിന്റെ എൻജിൻ പരിഷ്കരിക്കാൻ മാരുതി സുസുക്കിയ്ക്ക് പദ്ധതിയില്ലെന്നും ആർഎസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നെക്സ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2015 ൽ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് അവതരിപ്പിച്ച ബലേനോ യുടെ ജനപ്രീതി കണ്ടാണ് 2017 -ല്‍ പെര്‍ഫോമന്‍സ് മോഡലായ ബലേനോ RS -നെ കമ്പനി അവതരിപ്പിച്ചത്. ആദ്യം വിപണിയിൽ എത്തിയപ്പോൾ 8.69 ലക്ഷം രൂപയായിരുന്നു എക്‌സ്-ഷോറൂം വില. 2019-ല്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചതോടെ വില 8.76 ലക്ഷം ആയി ഉയർന്നിരുന്നു. വില്പന ഗണ്യമായി കുറഞ്ഞതോടെ 2019 സെപ്റ്റംബർ മുതൽ വില ഒരു ലക്ഷം കുറച്ചാണ് ബലേനോ വിറ്റിരുന്നത്. നെക്‌സ ഡീലർഷിപ്പുകളിൽ ഏതാനും ബലെനോ ആർഎസ് യൂണിറ്റുകൾ മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്നാണ് വിവരം.
Post Your Comments