തിരുവനന്തപുരം: കാട്ടാക്കടയിലെ സ്വകാര്യ അനാഥായലയത്തില്‍ നിന്നും ചാടിപ്പോയ സംഭവത്തില്‍ കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം.
കുട്ടികളെ സര്‍ക്കാര്‍ കെയര്‍ഹോമുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നാണ് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം.
ചാടിപ്പോയ കുട്ടികളെ വീണ്ടും അതേ സ്വകാര്യ ഹോമിലേക്ക് വിട്ടത് വിവാദമായതിനെ തുടര്‍ന്നാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. കാട്ടാക്കട തച്ചന്‍കോട്ടുളള നവജീവന്‍ ബാലഭവനില്‍ നിന്നും കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ആറു കുട്ടികള്‍ ചാടിപോയത്.
അന്വേഷണത്തില്‍ മൂന്ന് മണിക്കൂറിനുളളില്‍ തന്നെ കുട്ടികളെ കണ്ടെത്തുകയായിരുന്നു. അനാഥാലയം അധികൃതരുടെ പീഡനമാണ് ഒളിച്ചോടാന്‍ കാരണമെന്ന് കുട്ടികള്‍ പറഞ്ഞത്. ബാലഭവനില്‍ താമസിക്കാന്‍ താല്‍പര്യമില്ലെന്നും കുട്ടികള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ പൊലീസില്‍ നിന്നും കുട്ടികളെ ഏറ്റെടുത്ത ബാലക്ഷേമസമിതി വീണ്ടും ഇവരെ ഇതേ ഹോമിലേക്ക് വിടുകയാണ് ചെയ്തത്. സംഭവത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ ബാലക്ഷേമസമിതി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജില്ലാപൊലീസ് മേധാവി എന്നിവരോട് വിശദീകരണം തേടി.
Post Your Comments