Latest NewsNewsDevotional

തൃശ്ശൂർ ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെക്കുറിച്ച് അറിയാം

ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രം

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 29 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ചാവക്കാട് താലൂക്കിലെ ഗുരുവായൂര്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന ഈ ക്ഷേത്രം ഗുരുവായൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍പ്പെടുന്നു. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ പരശുരാമന്റെ സാന്നിധ്യത്തില്‍ ദേവഗുരുവായ ബൃഹസ്പതിയും വായുഭഗവാനും കൂടിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്ന് ഹൈന്ദവപുരാണങ്ങള്‍ പ്രകാരം വിശ്വസിക്കപ്പെടുന്നു. ഹിന്ദുക്കള്‍ക്ക് മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കപ്പെട്ടിട്ടുള്ളത്.

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും തീവണ്ടി / ബസ് മാര്‍ഗേണ ഗുരുവായൂരില്‍ എത്തിച്ചേരുന്നതിന് സാധിക്കും. 10 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം (ഫെബ്രുവരി / മാര്‍ച്ച്), വിഷുക്കണി (ഏപ്രില്‍), അഷ്ടമിരോഹിണി (ആഗസറ്റ് / സെപ്റ്റംബര്‍), ശുക്ലപക്ഷ ഏകാദശി (നവംബര്‍ / ഡിസംബര്‍) എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങള്‍. ആയതില്‍ ഗുരുവായൂര്‍ ഏകാദശി സവിശേഷപ്രധാനമാണ്. ഏകാദശിയോടനുബന്ധിച്ച് നടത്തപ്പെടുന്നതും രാജ്യമെമ്പാടുമുള്ള സംഗീത / തൃത്തവിദ്വാന്‍മാരും വിദുഷികളും പങ്കെടുക്കുന്നതുമായ ചെമ്പൈ സംഗീതോല്‍സവം നൃത്ത – സംഗീതാസ്വാദര്‍ക്ക് ഒരു വലിയ വിരുന്നാണ്. ചരിത്രപ്രാധാന്യമായ ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ ഓര്‍മ്മക്കായി ഒരു സ്തൂപം ഇവിടെ സംരക്ഷിക്കപ്പെട്ടു വരുന്നു. ക്ഷേത്രത്തിലെ ആനകളെ പരിപാലിക്കുന്ന പുന്നത്തൂര്‍കോട്ട, ക്ഷേത്രത്തില്‍ നിന്നും 4 കിലോമീറ്റര്‍ അരികിലായി സ്ഥിതി ചെയ്യുന്നു. പുലര്‍ച്ചെ 3 മണിക്ക് നിര്‍മ്മാല്യത്തോടെ ആരംഭിക്കുന്ന ദര്‍ശനസമയം ഉച്ചയ്ക്ക് 12.30 ന് സമാപിക്കുന്നു.തുടര്‍ന്ന് വൈകുന്നേരം 04.30 ന് നട തുറക്കുകയും രാത്രി 09.15 ന് ശീവേലിക്കു ശേഷം അടക്കുകയും ചെയ്യുന്നു

വടക്കുന്നാഥക്ഷേത്രം

തൃശ്ശര്‍ നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രം ഭാരതീയ ശില്പകലയുടെയും കേരളീയ വാസ്തുനിര്‍മ്മിതിയുടെയും ചുവര്‍ ചിത്രകലകളുടെയും മകുടോദാഹരണമാണ്. ഈ ക്ഷേത്രത്തിന്റെ സാന്നിദ്ധ്യമാണ് “തൃശ്ശിവപേരൂര്‍” എന്ന നാമധേയം ഈ ജില്ലക്ക് വരുന്നതിന് കാരണമായിട്ടുള്ളത്. തൃശ്ശൂര്‍ പട്ടണത്തിന്റെ മാത്രം സവിശേഷതയായ സ്വരാജ് റൗണ്ട് ഈ ക്ഷേത്രത്തിന്റെ ചുറ്റിയാണ് സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ “തൃശ്ശൂര്‍ പൂരം” വടക്കുന്നാഥ ക്ഷേത്ര സന്നിധിയിലാണ് നടക്കുന്നത്. ക്ഷേത്രമതില്‍കെട്ടിനകത്തുള്ള കൂത്തമ്പലം കേരളീയ വാസ്തുകലയുടെ മനോഹാരിത വിളിച്ചോതുന്നു. ദര്‍ശനസമയം കാലത്ത് 04.30 മുതല്‍ 11.00 വരെയും വൈകുന്നേരം 05.00 മുതല്‍ 08.30 വരെയും ആകുന്നു.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം

തൃശ്ശൂര്‍ പട്ടണത്തില്‍ നിന്നും 22 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രത്തില്‍ ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ. രാമായണമാസത്തില്‍ പുണ്യമായി കരുതുന്ന നാലമ്പലദര്‍ശനത്തില്‍ ഉള്‍പ്പെടുന്ന പ്രധാനക്ഷേത്രമാണിത്. വൃശ്ചികമാസത്തില്‍ (നവംബര്‍- ഡിസംബര്‍) മൂന്നുദിവസങ്ങളിലായി ആഘോഷിക്കുന്ന ഏകാദശി ക്ഷേത്രത്തിലെ പ്രധാന ഉല്‍സവമാണ്. ദര്‍ശനസമയം കാലത്ത് 04.30 മുതല്‍ 12.30 വരെയും വൈകുന്നേരം 04.30 മുതല്‍ 08.00 വരെയും ആകുന്നു.

മമ്മിയൂർ മഹാദേവ ക്ഷേത്രം

ഗുരുവായൂര്‍ ക്ഷേത്രത്തിന് 1 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ശിവനാണ് പ്രധാന പ്രതിഷ്ഠ. സൗന്ദര്യാത്മകമായ ചുവര്‍ചിത്രങ്ങളാലും ശില്പഭംഗിയാലും പ്രസിദ്ധമാണ് മമ്മിയൂര്‍ മഹാദേവ ക്ഷേത്രം. ദര്‍ശനസമയം കാലത്ത് 04.30 മുതല്‍ ഉച്ചതിരിഞ്ഞ് 12.30 വരെയും വൈകുന്നേരം 04.30 മുതല്‍ 08.30 വരെയും
ആകുന്നു.

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം

തൃശ്ശൂര്‍ നഗരത്തില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പുരാതനവും ചരിത്രപ്രസിദ്ധവുമായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സംഗമേശ്വരന്‍ എന്ന നാമധേയത്തില്‍ വിശേഷിപ്പിക്കപ്പെടുന്ന, ശ്രീരാമസഹോദരനായ ഭരതനാണ്. രാമായണമാസത്തില്‍ പുണ്യമായി കരുതുന്ന നാലമ്പലദര്‍ശനത്തില്‍ ഉള്‍പ്പെടുന്ന പ്രധാനക്ഷേത്രമാണിത്. മേടമാസത്തില്‍ (ഏപ്രില്‍ / മെയ്) ആഘോഷിക്കുന്ന ഉത്സവം സംഗീതവാദ്യകലകളുടെ സമ്മേളനവും മേളാസ്വാദകര്‍ക്ക് ഒരു ഗംഭീരവിരുന്നുമാണ്.  പ്രസ്തുത ഉല്‍സവത്തോടെ കേരളത്തിലെ ക്ഷേത്ര ഉല്‍സവങ്ങളുടെ വാര്‍ഷിക സമാപനം കുറിക്കുന്നു. ദര്‍ശനസമയം കാലത്ത് 03.00 മുതല്‍ 11.30 വരെയും വൈകുന്നേരം 05.00 മുതല്‍ 08.30 വരെയും ആകുന്നു.

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം

തൃശ്ശൂര്‍ പട്ടണത്തിന്റെ 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ ഭഗവതി ക്ഷേത്രം ചരിത്ര പ്രാധാന്യമര്‍ഹിക്കുന്ന ക്ഷേത്രമാണ്. മീനമാസത്തില്‍ ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിലെ ഭരണി മഹോല്‍സവം കൊടുങ്ങല്ലൂര്‍ ഭരണി എന്ന പേരില്‍ ഏറ്റവും പ്രസിദ്ധമായ ഉത്സവമാണ്. ദര്‍ശനസമയം കാലത്ത് 04.00 മുതല്‍ 12.00 വരെയും വൈകുന്നേരം 04.00 മുതല്‍ 08.00 വരെയും ആകുന്നു.

പായമ്മല്‍ ക്ഷേത്രം

ഇരിങ്ങാലക്കുടക്കടുത്ത് അരീപ്പാലം എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് തൃശ്ശൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ ദൂരമാണുള്ളത്. രാമായണമാസത്തില്‍ പുണ്യമായി കരുതുന്ന നാലമ്പലദര്‍ശനത്തില്‍ ഉള്‍പ്പെടുന്ന പ്രധാനക്ഷേത്രമായ ഇവിടെ ശ്രീരാമസഹോദരനായ ശത്രുഘ്നനനാണ് പ്രധാന പ്രതിഷ്ഠ. ശത്രുഘ്നപ്രതിഷ്ഠയുള്ള ഏകക്ഷേത്രമായി ഈ ക്ഷേത്രം കരുതപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button