തിരുവനന്തപുരം : തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ നടത്തിയ ഞാണിന്മേല് കളി പാളി; കെ.പി.സി.സി. പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരന് എം.പിയുമായുള്ള വാക്പോരിനേത്തുടര്ന്നാണു പുനഃസംഘടനയേച്ചൊല്ലിയുള്ള ഭിന്നത മറനീക്കിയത്. കോൺഗ്രസിൽ നിന്ന് പോയവരെ തിരിച്ചു കൊണ്ടുവന്നിട്ടുള്ള പാരമ്പര്യമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
മുമ്പ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന മോഹന്‍ശങ്കറെ കെ.പി.സി.സി വൈസ് പ്രസിഡന്റാക്കിയതിനെതിരെ കെ. മുരളീധരന് പരസ്യമായി രംഗത്തുവന്നതാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്.ഇന്നലെ ചേര്‍ന്ന പുതിയ ഭാരവാഹികളുടെ യോഗത്തില്‍ മുരളിയുടെ പേര് പറയാതെ മുല്ലപ്പള്ളി രൂക്ഷമറുപടിയാണ് നല്‍കിയത് . മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ എന്തും വിളിച്ചുപറയാമെന്ന് നേതാക്കള്‍ ധരിക്കരുതെന്നും, . വിമര്‍ശിക്കുന്നവര്‍ സ്വയം തിരിഞ്ഞുനോക്കുന്നത് നല്ലതാണെന്നും .അദ്ദേഹം പറഞ്ഞു.
പുതിയ ഭാരവാഹികളുടെ യോഗം ചേരുമ്ബോള്‍ സാധാരണ കെ.പി.സി.സി മുന്‍ അദ്ധ്യക്ഷന്മാരെ ക്ഷണിക്കാറുണ്ടെങ്കിലും ഇന്നലെ അതുണ്ടായില്ല. ക്ഷണിക്കാത്തതിന്റെ കാരണം ചോദിക്കേണ്ടത് പ്രസിഡന്റിനോടാണെന്ന് മുരളീധരന് പ്രതികരിച്ചിരുന്നു. .
സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പാര്‍ട്ടി നേതാക്കളെ അവഹേളിക്കാനും അപമാനിക്കാനും കോണ്‍ഗ്രസുകാര്‍ ശ്രമിക്കരുതെന്ന് മുല്ലപ്പള്ളി പറഞ്ഞു. സി.പി.എമ്മും ബി.ജെ.പിയും സമൂഹമാദ്ധ്യമങ്ങളെ സ്വന്തം പാര്‍ട്ടി വളര്ത്താനുപയോഗിക്കുമ്പോള് ഇവിടെ നേരെ തിരിച്ചാണ്.
പാര്‍ട്ടിയില്‍ ഐക്യം വേണമെന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി പുതിയ ഭാരവാഹികളോട് ഓര്‍മ്മിപ്പിച്ചു. വിവാദവിഷയങ്ങളിലേക്ക് അദ്ദേഹം കടന്നില്ല. അരൂര്‍ ഉപതിരഞ്ഞെടുപ്പിലെ ചിട്ടയായ പ്രവര്‍ത്തനം മാതൃകയാണ്. ചെങ്ങന്നൂരിലെ ഫലം തനിക്ക് നേരത്തേ അറിയാമായിരുന്നു.. അവിടെ പാര്‍ട്ടി സംഘടനയില്ലായിരുന്നു. യുവാക്കളെ കൂടുതല്‍ ആകര്‍ഷിക്കാനാകണമെന്നും സംഘടനാപരമായ ഉള്‍ക്കരുത്ത് നേടണമെന്നും ആന്റണി പറഞ്ഞു.
പാര്‍ട്ടിയില്‍ അച്ചടക്കം വേണമെന്ന് ഓര്‍മ്മിപ്പിച്ച കെ.സി. വേണുഗോപാല്‍, ശബരിമല വിഷയമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഇടത് തോല്‍വിക്ക് കാരണമായതെന്ന് പറഞ്ഞു.. തദ്ദേശതിരഞ്ഞെടുപ്പിലെ മികവ് നോക്കിയാകും പുതിയ ഭാരവാഹികളെ വിലയിരുത്തുകയെന്നും വേണുഗോപാല്‍ പറഞ്ഞു. പാര്‍ട്ടി ഐക്യത്തോടെ പോകണമെന്ന് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിര്‍ദ്ദേശിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരനും പുതിയ വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാലും യോഗത്തിനെത്തിയില്ല.
Post Your Comments