KeralaLatest NewsNews

എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധ ജലം ഇനി സ്വപ്‌നങ്ങളിൽ മാത്രം; കോടികളുടെ കേന്ദ്ര ജലവിതരണ പദ്ധതി കേരളത്തിന് നഷ്ടപ്പെട്ടേക്കും

തിരുവനന്തപുരം: നാലു വർഷം കൊണ്ട് എല്ലാ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധജലമെത്തിക്കാൻ കേന്ദ്രസഹായത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതി കേരളത്തിന് നഷ്ടപ്പെട്ടേക്കും. വ്യവസ്ഥയനുസരിച്ചു സംസ്ഥാനം മുടക്കുന്ന തുകയ്ക്കു തുല്യമായ തുകയാണു കേന്ദ്രം നൽകുക. എന്നാൽ സംസ്ഥാന വിഹിതമായി ചെലവഴിക്കാൻ തൽക്കാലം പണമില്ല.

കേന്ദ്രാവിഷ്കൃത ദേശീയ ഗ്രാമീണ ജലവിതണ പദ്ധതി(എൻആർഡിഡബ്ല്യുപി)യിൽ സംസ്ഥാനം കൊടുത്തു തീർക്കാനുള്ള 170 കോടിയുടെ കരാർ ബില്ലുകളാണു കുടിശിക വരുത്തിയത്. ഇതിനു പുറമേ പുതിയ പദ്ധതി നടപ്പാക്കാൻ സംസ്ഥാനതല നിരീക്ഷണ സമിതി രൂപീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം അനുവദിച്ച 170 കോടിയുടെ പഴയ പദ്ധതിയുടെ ബിൽ പാസാക്കിക്കൊടുക്കാൻ പോലും സംസ്ഥാനത്തിനു കഴിഞ്ഞിട്ടില്ല.

ചുരുക്കത്തിൽ, കിഫ്ബിയിൽ നിന്ന് 9% പലിശയ്ക്കു വായ്പയെടുത്തു ശുദ്ധജല പദ്ധതികൾ നടപ്പാക്കുമെന്ന് ഒരുവശത്തു പറയുമ്പോൾ മറുവശത്ത്, വെറുതേ കിട്ടുന്ന പണം പാഴാക്കുന്നു. കേരളത്തിൽ മൂന്നിലൊന്നു വീടുകളിലേ ഇതുവരെ പൈപ്പിലൂടെ ശുദ്ധജലമെത്തിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി വീടുകളിലും വെള്ളമെത്തിക്കാൻ 30,000 കോടി രൂപ വേണം. ഇപ്പോൾ ലക്ഷ്യമിട്ടിരിക്കുന്ന 30% പദ്ധതി പൂർത്തിയാക്കാൻ മാത്രം സംസ്ഥാന വിഹിതം 6000 കോടിയാണ്. പക്ഷേ 170 കോടിയുടെ കുടിശിക കൊടുത്തു തീർക്കാത്തതിനാൽ ഈ വർഷത്തെ വിഹിതത്തിന് അപേക്ഷിക്കാൻ പോലുമാകില്ല.

ALSO READ: പൗരത്വ നിയമ ഭേദഗതി: പിഴവ് പാടില്ല; സ്യൂട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

നിലവിൽ 33% ഗ്രാമീണ ഭവനങ്ങളിലേ പൈപ്പ് വഴി ശുദ്ധജല വിതരണം നടപ്പാക്കിയിട്ടുള്ളൂ. ബാക്കിയുള്ളിടത്തും ജലം എത്തിക്കാവുന്ന പദ്ധതിയാണു പാളുന്നത്. ജല അതോറിറ്റി സമർപ്പിച്ച 155 കോടിയുടെ സംസ്ഥാന പദ്ധതികൾ ജൽജീവൻ പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി ധനവകുപ്പ് റദ്ദാക്കിയിരുന്നു. ഏപ്രിൽ വരെ 5 രൂപ പോലും നൽകാനാവില്ല എന്ന നിലപാടിലാണു ധനവകുപ്പ്. സഹകരണ ബാങ്കിൽ നിന്നോ ഹഡ്കോയിൽ നിന്നോ വായ്പയെടുക്കാൻ സർക്കാർ ഗാരന്റി നിൽക്കണം. പദ്ധതിക്കു പണം കണ്ടെത്താൻ വെള്ളക്കരം കൂട്ടാനുള്ള നീക്കത്തിലാണു സർക്കാർ. ഉപയോക്താക്കളെ വിവിധ സ്ലാബുകളായി തിരിച്ചു ലീറ്ററിന് രണ്ടു രൂപ മുതൽ 21 രൂപ വരെ കൂട്ടാനാണ് ആലോചന. അപ്പോഴും കേന്ദ്ര പദ്ധതി നഷ്ടപ്പെടുന്നതു തടയാൻ നീക്കമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button