Latest NewsNewsIndia

കൊറോണ വൈറസ് ബാധ: ഇന്ത്യക്കാർക്ക് താങ്ങായി മലയാളി കൂട്ടുകാർ

ന്യൂഡൽഹി: ചൈനയിൽ കൊറോണ വൈറസ് മൂലമുള്ള മരണം 106 ആയി. രണ്ടായിരത്തിലേറെ ആളുകൾക്കു രോഗബാധയുണ്ടെന്നാണു കണക്ക്. ചൈനയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യൻ എംബസി സജീവമായി രംഗത്തുണ്ടെന്നു വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വ്യക്തമാക്കി.

മലയാളികൾ അടക്കം എഴുനൂറോളം ഇന്ത്യൻ വിദ്യാർഥികൾ വുഹാനിലെയും പരിസരങ്ങളിലെയും സർവകലാശാലകളിൽ പഠിക്കുന്നുണ്ട്. ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ ഒട്ടേറെ മലയാളി ഉദ്യോഗസ്ഥരുളളതു മലയാളി വിദ്യാർഥികൾക്ക് ആശ്വാസകരമാണ്. മലയാളി അസോസിയേഷനുകളും എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നു. വുഹാൻ അടക്കം ചൈനയിലെ വിവിധ നഗരങ്ങളിൽ കുടുങ്ങിയ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അവർ രംഗത്തുണ്ട്.

പാലക്കാട് സ്വദേശിയായ ആർ. മധുസൂദനൻ ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറിയുടെ ഓഫിസിൽനിന്നു പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഐഎഫ്എസ് 2007 ബാച്ചുകാരനും ചൈനീസ് ഭാഷാ വിദഗ്ധനുമായ മധുസൂദനൻ നേരത്തേ ബെയ്ജിങ് എംബസിയിലായിരുന്നു. പ്രസിഡന്റ് ഷി ചിൻപിങ്ങും നരേന്ദ്ര മോദിയുമായുള്ള ചർച്ചയിൽ പരിഭാഷകൻ അദ്ദേഹമായിരുന്നു.

ALSO READ: കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 82; വൈറസ് ബാധയുള്ളവരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് ചൈന

തിരുവനന്തപുരം സ്വദേശിയും 2000 ഐഎഫ്എസ് ബാച്ചുകാരനുമായ അക്വിനോ വിമൽ ആണു ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ഡപ്യൂട്ടി ചീഫ്. 2014 ഐഎഫ്എസ് ബാച്ചിലുള്ള ദീപക് പത്മകുമാർ എംബസിയുടെ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്നു. പാലക്കാട്ടു നിന്നുള്ള ബെംഗളൂരു മലയാളിയായ ദീപക്, ശശി തരൂർ എംപിയുടെ ബന്ധുവാണ്.

ബി. സിദ്ധാർഥ്, ജെ. അതുൽ, നീതു രാജൻ തുടങ്ങിയ മലയാളി ഉദ്യോഗസ്ഥരും എംബസിയിലുണ്ട്. വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി സർവീസ് വിഭാഗത്തിൽ അംബാസഡറുടെ പഴ്സനേൽ സെക്രട്ടറിയായ ടി.പി. നാരായണനും കേരളത്തിൽ നിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button