കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം.ബഷീര്‍ മനുഷ്യശൃംഖലയില്‍ പങ്കെടുക്കുക മാത്രമല്ല, വെല്ലുവിളിയും നടത്തിയെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. കെ.എം.ബഷീര്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചുവെന്ന് രൂക്ഷമായ ഭാഷയിൽ മുനീർ വിമർശനം നടത്തി. ഒന്നിച്ചുള്ള സമരം തീരുമാനിക്കേണ്ടത് പ്രാദേശിക തലത്തിലല്ല. നടപടിയെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിലപാടിലുറച്ച് നില്‍ക്കുകയാണെന്നും ലീഗ് തെറ്റ് തിരുത്തണമെന്നും കെ.എം. ബഷീര്‍ പ്രതികരിച്ചു. പൗരത്വനിയമത്തിനെതിരെ ആര് കൂട്ടായ്മ സംഘടിപ്പിച്ചാലും പങ്കെടുക്കും. യുഡിഎഫ് നേതാക്കള്‍ പിണറായിക്കൊപ്പം തിരുവനന്തപുരത്ത് സമരം നടത്തി. ഒരുമിച്ചുള്ള സമരം വേണ്ടെന്ന് മുന്നണി ചര്‍ച്ച ചെയ്ത് തീരുമാനിച്ചതായി അറിയില്ലെന്നും അദ്ദേഹം കോഴിക്കോട് പ്രതികരിച്ചു.
അതിനിടെ, കെ.എം.ബഷീര്‍ നടപടി ചോദിച്ചുവാങ്ങിയതെന്ന് ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല പറഞ്ഞു. മനുഷ്യ ശൃംഖലയില്‍ പങ്കെടുത്തതിലുപരി യുഡിഎഫ് നേതാക്കളെ ഇകഴ്ത്തി സംസാരിച്ചതിനാണ് നടപടി. നടപടിയില്‍ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ലെന്നും ഉമര്‍ പാണ്ടികശാല മനോരമ ന്യൂസിനോട് പറഞ്ഞു.
അതേസമയം, മനുഷ്യശൃംഖലയില്‍ പങ്കെടുത്തിതിന് നടപടിഎടുക്കുകയാണെങ്കില്‍ ലീഗിന് ആയിരക്കണക്കിന് ആളുകളെ പുറത്താക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. മുസ്‌ലിം സമുദായം ഭീതിയോടെ നില്‍ക്കുമ്പോള്‍ വോട്ടുരാഷ്ട്രീയം നോക്കിയല്ല പ്രതികരിക്കേണ്ടത്. യുഡിഎഫിന് അവരുടെ ധാരണ തിരുത്തേണ്ടി വരും. ഈ രീതി തുടരുകയാണെങ്കില്‍ ലീഗിന് എല്‍ഡിഎഫിനോട് സഹകരിക്കേണ്ടിയും വരും. മുത്തലാഖിലടക്കം കോണ്‍ഗ്രസ് വേണ്ടരീതിയില്‍ പ്രതികരിച്ചിട്ടില്ലെന്നും ജലീല്‍ കൊച്ചിയില്‍ പറഞ്ഞു.
Post Your Comments