ഇറ്റലി ; കിലോമീറ്ററുകളോളം നീണ്ട പ്രദേശത്തെ മനുഷ്യരും മറ്റു ജീവജാലങ്ങളും വെന്തുരുകി .ചൂടേറ്റ് തലയോട്ടി പൊട്ടിച്ചിതറി, മാംസമുരുകി എല്ലിനോടു ചേര്‍ന്നു : അതി ഭീഭത്സവും ഭയാനകവുമായിരുന്നു ആ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍.
കിലോമീറ്ററുകളോളം നീണ്ട പ്രദേശത്തെ മനുഷ്യരും മറ്റു ജീവജാലങ്ങളും ഒറ്റയടിക്ക് വെന്തുരുകി. രക്തം നിമിഷനേരം കൊണ്ട് ആവിയായിപ്പോയി, ചൂടേറ്റ് തലയോട്ടി പൊട്ടിച്ചിതറി, പലരുടെയും മാംസമുരുകി എല്ലിനോടു ചേര്‍ന്നു… കുപ്രസിദ്ധമായിരുന്നു ഇറ്റലിയില്‍ എഡി 79ല്‍ സംഭവിച്ച വെസൂവിയസ് അഗ്‌നിപര്‍വത സ്‌ഫോടനം. അതിന്റെ ഫലമായി പോംപെയ് നഗരത്തിനു മുകളില്‍ ഏകദേശം 13-20 അടി ഉയരത്തിലാണ് അഗ്‌നിപര്‍വതത്തില്‍ നിന്നുള്ള ചാരം നിറഞ്ഞത്. സമീപത്തെ ഹെര്‍ക്കുലേനിയം നഗരത്തിലുള്ളവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഓടി രക്ഷപ്പെടാനായെങ്കിലും ഹതഭാഗ്യരായ ചിലര്‍ അവിടെയുമുണ്ടായിരുന്നു. പോംപെയിലുള്ളവര്‍ ധൂളികളായി മാറിയപ്പോള്‍ അഗ്‌നിപര്‍വതത്തില്‍ നിന്നു വീശിയടിച്ച ചൂടുകാറ്റ് ഹെര്‍ക്കുലേനിയത്തിലെ മനുഷ്യരെ ചുട്ടെടുക്കുകയായിരുന്നു.
അഗ്‌നിപര്‍വതത്തില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ വരെയുള്ള ഭാഗം വരെ വെന്തുവെണ്ണീറായിരുന്നു. വെസൂവിയസിന്റെ തീനാളങ്ങള്‍ തുടച്ചുനീക്കിയ രണ്ടു നഗരങ്ങളുടെയും അവശിഷ്ടങ്ങളില്‍ 1960 മുതല്‍ ഗവേഷകര്‍ നിരീക്ഷണം നടത്തുന്നു. ഇന്നേവരെ സംഭവിച്ചിട്ടില്ലാത്തതരം രണ്ടു കാര്യങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഈ അഗ്‌നിപര്‍വത സ്‌ഫോടനത്തെ വീണ്ടും വാര്‍ത്തകളിലെത്തിച്ചത്.
പോംപെയിലെ മൃതദേഹങ്ങള്‍ പരിശോധിക്കുന്നതിനിടെ ഒരാളുടെ തലയില്‍ കണ്ടെത്തിയ തിളക്കമാണ് ‘ചില്ലുതലച്ചോറിലേക്കു’ വെളിച്ചം വീശിയത്. കറുത്തു തിളങ്ങുന്ന ഈ വസ്തു ചിതറിയ നിലയിലായിരുന്നു. ഏകദേശം 25 വയസ്സു തോന്നിക്കുന്ന ഇയാള്‍ ലാവ ഒലിച്ചെത്തും മുന്‍പുതന്നെ ഉറക്കത്തില്‍ മരിച്ചുപോയെന്നാണു നിഗമനം. ഇതേയാളുടെ ശരീരകലകളും കൊഴുപ്പും ഉരുകിയാണ് നെഞ്ചില്‍ സ്‌പോഞ്ച് പോലുള്ള വസ്തു രൂപപ്പെട്ടത്. ഇത്രയും കാലം കരുതിയിരുന്നത് വെസൂവിയസില്‍ നിന്നുള്ള ചൂട് നാളുകളോളം പോംപെയില്‍ തുടര്‍ന്നിരുന്നുവെന്നാണ്. എന്നാല്‍ അങ്ങനെയല്ല, മറിച്ച് കൊടുംചൂടിനു പിന്നാലെ വളരെ പെട്ടെന്ന് താപനില താഴ്ന്നിരുന്നതായാണു പുതിയ കണ്ടെത്തല്‍. അതിനാലാണ് മസ്തിഷ്‌കം ഉരുകി ചില്ലുപോലായതും നെഞ്ചിനകത്ത് സ്‌പോഞ്ചിനു സമാനമായ വസ്തു രൂപപ്പെട്ടതും.
ഏകദേശം 968 ഡിഗ്രി ഫാരന്‍ഹീറ്റ് ചൂടെങ്കിലും ഈ സമയത്ത് പോംപെയില്‍ അനുഭവപ്പെട്ടിട്ടുണ്ടാകണം. നഗരത്തിലെ മരങ്ങളും മറ്റും പരിശോധിച്ചാണ് ഈ നിഗമനത്തിലെത്തിയത്. എന്നാല്‍ ഹെര്‍ക്കുലേനിയത്തിലുള്ളവര്‍ ദൂരെനിന്നു തന്നെ വെസൂവിയസിലെ സ്‌ഫോടനം കണ്ടിരുന്നു. ഭൂരിപക്ഷം പേരും രക്ഷാസ്ഥാനത്തേക്കു നീങ്ങുകയും ചെയ്തു. എന്നാല്‍ കടല്‍ത്തീരത്തുണ്ടായിരുന്ന ഏകദേശം 340 പേര്‍ ബോട്ട്ഹൗസ് എന്നു വിളിക്കുന്ന പ്രത്യേക ഭൂഗര്‍ഭ അറകളില്‍ അഭയം തേടി. ഇവരെല്ലാം ചൂടുകാറ്റേറ്റ് പെട്ടെന്ന് ആവിയായതാണെന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്.
എന്നാല്‍ പൈറോക്ലാസ്റ്റിക് ഫ്‌ലോസ് എന്നറിയപ്പെടുന്ന ചൂടുകാറ്റാണ് ഇവിടുള്ളവരെ കൊലപ്പെടുത്തിയതെന്നാണു പുതിയ നിഗമനം. അഗ്‌നിപര്‍വത സ്‌ഫോടനഫലമായി രൂപപ്പെടുന്ന വാതകങ്ങളും പാറക്കൂട്ടവും ചാരവും ഉള്‍പ്പെടെയുള്ള വസ്തുക്കളും അതിവേഗത്തില്‍ പാഞ്ഞെത്തുന്ന പ്രതിഭാസമാണിത്. അതായത് മണിക്കൂറില്‍ ഏകദേശം 100 കിലോമീറ്റര്‍ വേഗതയില്‍. ചൂടുകാറ്റിന്റെ വേഗത 700 കിലോമീറ്റര്‍ വരെയെത്താനും സാധ്യതയേറെ. ഹെര്‍ക്കുലേനിയത്തില്‍ വീശിയ കാറ്റിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയുണ്ടെന്നാണു കരുതുന്നത്. കല്ലുകൊണ്ട് നിര്‍മിച്ച അറയ്ക്കുള്ളിലായതിനാല്‍ ചുറ്റിലുമുള്ള ഭാഗം ചൂടുപിടിച്ച് അതിനകത്തെ മനുഷ്യരെ ചുട്ടെടുത്ത അവസ്ഥയിലായിരുന്നുവെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്
Post Your Comments